Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം പദ്ധതി;...

വിഴിഞ്ഞം പദ്ധതി; മോദിയെ വേദിയിലിരുത്തി കണക്കു പറഞ്ഞ് മുഖ്യമന്ത്രി

text_fields
bookmark_border
വിഴിഞ്ഞം പദ്ധതി; മോദിയെ വേദിയിലിരുത്തി കണക്കു പറഞ്ഞ് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ കേരളം മുടക്കുന്ന തുക ഉദ്ഘാടന വേദിയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രധാന മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പിണറായിയുടെ പ്രസംഗം. പദ്ധതി ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നല്‍കുന്നത്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്.

75 ശതമാനം കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന സാഫല്യമാണ്. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മില്യനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കുന്ന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭമാണിത്. രാജ്യത്തിന്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽ.എഡി.എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തിന് ഒരുപാടു സവിശേഷതകളുണ്ട്. കരാര്‍ പ്രകാരം 2045 ല്‍ മാത്രമേ ഇതു പൂര്‍ത്തിയാവേണ്ടതുള്ളു. കാത്തുനിൽക്കാതെ 2024 ല്‍ തന്നെ കൊമേഴ്സ്യല്‍ ഓപറേഷനാരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്നിങ്ങോട്ട് 250 ലേറെ കപ്പലുകള്‍ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നു. 2028 ല്‍ ഇതിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കും. ഒരുപാടു പ്രതികൂല ഘടകങ്ങളുണ്ടായി. മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍, എന്നിവയൊക്കെ സമ്പദ് ഘടനയെ ഉലച്ചു. എന്നാല്‍, കേരളം അവിടെ തളര്‍ന്നുനിന്നില്ല. നിര്‍മാണ കമ്പനിയും നല്ല രീതിയില്‍ സഹകരിച്ച് മുന്നോട്ട് പോയി.

1996ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാര്‍ത്ഥ്യമാവുന്നത്. ഇടക്കാലത്ത് പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതിപഠനത്തിനായി 2009 ല്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോർപറേഷനെ നിയോഗിച്ചു. 2010 ല്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടന്നെങ്കിലും കേന്ദ്രം ആ ഘട്ടത്തില്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നുള്ള ഘട്ടം പദ്ധതിക്കായുള്ള വിവിധ പ്രക്ഷോഭങ്ങളുടേതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modivizhinjamchief ministerPinarayi Vijayan
News Summary - Vizhinjam project; Chief Minister clarifies the amount Kerala will spend at the inauguration ceremony
Next Story