ഗവർണർക്ക് വഴങ്ങി മുഖ്യമന്ത്രി; കെ.ടി.യു വി.സിയായി സിസ തോമസ്, ഡിജിറ്റൽ സർവകലാശാലയിൽ സജി ഗോപിനാഥ്
text_fieldsതിരുവനന്തപുരം: ഗവർണറുടെ ആവശ്യത്തിന് മുഖ്യമന്ത്രി വഴങ്ങിയതോടെ ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാല വൈസ്ചാൻസലർ നിയമനങ്ങളിൽ സമവായമായി. കെ.ടി.യുവിൽ ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥിനെയും വി.സിമാരായി നിയമിച്ച് ചാൻസലറായ ഗവർണർ ഉത്തരവിറക്കി.
സർക്കാറും ഗവർണറും ധാരണയിലെത്താത്തതിനെ തുടർന്ന് നേരിട്ട് വി.സി നിയമനത്തിന് സുപ്രീംകോടതി നടപടികൾ തുടങ്ങിയിരിക്കെയാണ് നിയമനം നടക്കുന്നത്. നിലവിൽ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വി.സിയായ ഡോ. സിസ തോമസിനെ കെ.ടി.യുവിൽ വി.സിയായി നിയമിക്കണമെന്ന ഗവർണറുടെ പിടിവാശിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങിയതോടെയാണ് സമവായമായത്. സിസ തോമസിനെ കെ.ടി.യുവിൽ നിയമിക്കാൻ മുഖ്യമന്ത്രി സമ്മതം അറിയിച്ചതോടെ ഡിജിറ്റൽ സർവകലാശാലയിൽ മുഖ്യമന്ത്രി നിർദേശിച്ച ഡോ. സജി ഗോപിനാഥിനെ നിയമിക്കാൻ ഗവർണറും തയാറാവുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലെക്കറെ കണ്ട് സമവായ സാധ്യതകൾ തേടിയിരുന്നു. പിന്നാലെയാണ് നിയമനത്തിന് ധാരണയായത്. നേരത്തെ സർക്കാർ ശിപാർശ തള്ളി സിസ തോമസിനെ കെ.ടി.യുവിൽ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ താൽക്കാലിക വി.സിയായി നിയമിച്ചിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോ. ഡയറക്ടറായിരുന്ന സിസ സർക്കാർ അനുമതിയില്ലാതെ വി.സിയുടെ താൽക്കാലിക ചുമതല ഏറ്റെടുത്തതുമുതൽ സർക്കാറുമായി ഏറ്റുമുട്ടലിലായിരുന്നു. പെൻഷൻ തടഞ്ഞതോടെ സുപ്രീംകോടതി വരെ പോയാണ് സിസ ആനുകൂല്യങ്ങൾ നേടിയെടുത്തത്. പിന്നീട് സിസയെ ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വി.സിയായി ഇപ്പോഴത്തെ ഗവർണർ നിയമിച്ചിരുന്നു.
സ്ഥിരം വി.സി നിയമന തർക്കം സുപ്രീംകോടതിയിലെത്തിയതോടെയാണ് റിട്ട. ജസ്റ്റിസ് സുദാൻഷു ധൂലിയ അധ്യക്ഷനായ സെർച് കമ്മിറ്റി രൂപവത്കരിച്ച് കോടതി നിയമന നടപടികൾ തുടങ്ങിയത്. സെർച് കമ്മിറ്റി സമർപ്പിച്ച പാനലിൽ നിന്ന് മുഖ്യമന്ത്രി നിർദേശിച്ച പേരുകളിൽ ഗവർണർ വിയോജിച്ചതോടെ വീണ്ടും പ്രതിസന്ധിയായി. സിസ തോമസിനെ നിയമിക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ. ഇതോടെ സെർച് കമ്മിറ്റിയോട് നേരിട്ട് പേരുകൾ കോടതിയിൽ സമർപ്പിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
രണ്ട് തവണ യോഗം ചേർന്ന കമ്മിറ്റി ബുധനാഴ്ച സുപ്രീംകോടതിയിൽ പേര് സമർപ്പിക്കാനിരിക്കെയാണ് സർക്കാറും ഗവർണറും സമവായത്തിലെത്തി വി.സി നിയമനം നടത്തുന്നത്. ഇക്കാര്യം ബുധനാഴ്ച കോടതിയെ അറിയിക്കും. ഡോ. സജി ഗോപിനാഥ് രണ്ടാം തവണയാണ് ഡിജിറ്റൽ സർവകലാശാല വി.സിയായി നിയമിതനാകുന്നത്. നിലവിൽ കോഴിക്കോട് ഐ.ഐ.എമ്മിൽ പ്രഫസറാണ്. രണ്ട് വി.സിമാരുടെയും നിയമനം നാല് വർഷത്തേക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

