വർഗീയ സംഘടനകൾ സാമ്രാജ്യത്വത്തിെൻറ ഉപകരണങ്ങളാകുന്നു –മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: ചില വർഗീയ സംഘടനകൾ സാമ്രാജ്യത്വത്തിെൻറ ഉപകരണങ്ങളായി മനുഷ്യരെ നിഷ്ഠുരമായി കൊല്ലുകയും രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുകയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മർകസ് 40ാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം കാരന്തൂർ കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതാന്ധതയെ ഭീകരതയായി മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. വർഗീയ സംഘർഷം പടർത്താൻ സാമ്രാജ്യത്വത്തിെൻറ പണവും മറ്റു സഹായങ്ങളും ലഭ്യമാകുന്നുണ്ട്. ഇത് പാർലമെൻറിൽതന്നെ വ്യക്തമാക്കപ്പെട്ടതാണ്. ഇങ്ങനെ ഉപകരണങ്ങളായി മാറുന്നവരുടെ ക്രൂരത രാജ്യസ്ഥാനിൽ നാം കണ്ടു. മനുഷ്യനെ തീകൊളുത്തി കൊല്ലുന്ന ദൃശ്യവും കൊലയാളി ആർത്ത് അട്ടഹസിച്ച് ആഘോഷിക്കുന്ന ചിത്രവും കണ്ട് വേദനിക്കാത്ത മനുഷ്യരുണ്ടാകില്ല. എന്നിട്ടും അതിനെ ന്യായീകരിക്കാൻ വർഗീയ ശക്തികളുടെ നേതാക്കൾ തയാറായി എന്നത് എത്രവലിയ അപരാധമാണ്.
സാമ്രാജ്യത്വം എത്ര ഹീനമായാണ് നീങ്ങുന്നതെന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് ഫലസ്തീനെ തള്ളി ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻറിെൻറ നടപടി. അമേരിക്കയുടെ ചെലവിൽ കഴിയുന്ന രാജ്യങ്ങളടക്കം ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി ഇതിനെ എതിർത്തിരിക്കുന്നു. ലോകത്ത് വംശീയതയും വിഭാഗീയതയും വർഗീയതയും വളർത്തി ശത്രുരാജ്യങ്ങളെ ആക്രമിക്കുകയാണ് സാമ്രാജ്യത്വം. അഫ്ഗാനിലും ഇറാഖിലും പരീക്ഷിച്ച് ഇസ്ലാമോഫോബിയ പടർത്തിയശേഷം ഇപ്പോൾ ലിബിയയിലും സിറിയയിലുമടക്കം ഇൗ തന്ത്രം പയറ്റുന്നു. മതങ്ങൾക്കുള്ളിൽ തീവ്ര, ഭീകര ശക്തികളെ വളർത്താനും അവർക്ക് മടിയില്ല. ഇതിനായി പണവും ആയുധവും പരശീലനവും അവർ നൽകുന്നു. സാമ്രാജ്യത്വത്തിെൻറ പാവകളാവരുതെന്ന് വിശ്വാസികളെ പഠിപ്പിക്കേണ്ട ബാധ്യത മതപണ്ഡിതർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് എൻജിനീയർ പി. മുഹമ്മദ് യൂസുഫ് പന്നൂരിനും ആർകിടെക്റ്റ് ഡാർവിശ് കരീം മുഹമ്മദിനും മുഖ്യമന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. ശൈഖ് സായിദ് ഇൻറർനാഷനൽ പീസ് കോൺഫറൻസ് ലോഗോ താമരശ്ശേരി ബിഷപ് മാർ െറമിജിയോസ് ഇഞ്ചനാനിയിലിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. കെ.പി. രാമനുണ്ണി, മുള്ളൂർക്കര മുഹമ്മദലി സഖാഫി, പ്രഫ. എ.പി. അബ്ദുൽ വഹാബ്, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, എ. അബ്ദുൽ ഹകീം, സി. മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം സ്വാഗതവും സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
