‘നുണകളാൽ പടുത്ത സിനിമക്ക് നൽകിയ പുരസ്കാരം ശ്രേഷ്ഠപാരമ്പര്യത്തെ അവഹേളിക്കുന്നത്, പിന്നിൽ സംഘപരിവാർ അജണ്ട’; ‘ദി കേരള സ്റ്റോറി’ക്കുള്ള അവാർഡിനെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത സിനിമക്ക് പുരസ്കാരങ്ങൾ നൽകിയതിലൂടെ ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ ജൂറി അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ദി കേരള സ്റ്റോറി’ സിനിമയുടെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
അംഗീകാരം ലഭിച്ചിലൂടെ വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. മലയാളികളും രാജ്യത്തെ ജനാധിപത്യ വിശ്വാസികളും ഈ അനീതിക്കെതിരെ സ്വരമുയർത്തണമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അംഗീകാരം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചു.
മികച്ച സംവിധായകൻ വിഭാഗത്തിലാണ് ദ കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത്. സുധീപ് തോ സെൻ വിദ്വേഷ സിനിമ സംവിധാനം ചെയ്തത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ;
‘എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിൻ്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു.
എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

