തൃശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന സുനിൽകുമാറിന്റെ പരാതി അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
text_fieldsവികാസ്ഭവനിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസ്
തൃശൂർ: 2024 ലെ തെരഞ്ഞെടുപ്പിൽ തൃശൂർ ലോകസഭ മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നെന്ന ഇടതുസ്ഥാനാർഥി വി. എസ്. സുനിൽകുമാറിന്റെ ആക്ഷേപം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു കേൽക്കർ.
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 27-10-2023 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചരുന്നു. പകർപ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും അനുവദിച്ചിരുന്നതാണ്. അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിന് അനുവദിച്ച സമയപരിധിയിൽ ആകെ 45924 പേര് ചേർക്കുന്നതിനുള്ള അപേക്ഷകളിൽ 42807 എണ്ണം അംഗീകരിച്ചിരുന്നു. കൂടാതെ 25194 എണ്ണം പേര് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ ലഭിക്കുകയും 24472 എണ്ണം അംഗീകരിക്കുകയും ചെയ്തു. ഒപ്പം 14068 തിരുത്തൽ വരുത്തുന്നതിനുള്ള അപേക്ഷ ലഭിക്കുകയും 13264 എണ്ണം അംഗീകരിക്കുകയും ചെയ്തു.
22-01-2024 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ വോട്ടർപട്ടികയുടെ പകർപ്പ് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും സൗജന്യമായി അനുവദിച്ചിരുന്നതുമാണ്. ആക്ഷേപങ്ങളിലും അവകാശങ്ങളിലും സ്വീകരിച്ച നടപടി പ്രതിവാര അടിസ്ഥാനത്തിൽ നോട്ടീസ് ബോർഡിലും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചതുമാണ്. ഈ കാലയളവിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസമാർ സ്വീകരിച്ച നടപടി സംബന്ധിച്ച് അപ്പീലുകൾ ഒന്നും തന്നെ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല.
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ കഴിഞ്ഞ് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ തുടർച്ചയായ പുതുക്കലിന്റെ ഭാഗമായി 10-12-2023 മുതൽ 25-03-2024 വരെ ആകെ 73731 പേരുചേർക്കൽ അപേക്ഷ ലഭിക്കുകയും 67670 എണ്ണം അംഗീകരിക്കുകയും ചെയ്തു. ഒപ്പം 25264 എണ്ണം ഒഴിവാക്കൽ അപേക്ഷ ലഭിക്കുകയും 22061 എണ്ണം അംഗീകരിക്കുകയും ചെയ്തു. 26948 തിരുത്തൽ അപേക്ഷ ലഭിക്കുകയും 25351 എണ്ണം അംഗീകരിക്കുകയും ചെയ്തു.
04-04-2024 ന് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഈ വേളയിലും പരാതികളൊന്നും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ല. പട്ടിക തയ്യാറാക്കുന്ന എല്ലാ വേളയിലും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയും, ഇലക്ടറൽ റോൾ ഒബ്സർവറുടെയും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും അദ്ധ്യക്ഷതയിൽ ചേർന്നിരുന്നതുമാണ്. ബൂത്ത് തലത്തിൽ, ബൂത്ത് ലെവൽ ഓഫിസർമാരുടെയും, ബൂത്ത് ലെവൽ ഏജന്റുമാരുടെയും യോഗവും ചേർന്നിരുന്നു.
തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ജനറൽ ഒബ്സർവർ, പോലീസ് ഒബ്സർവർ, എക്സ്പെന്റിച്ചർ ഒബ്സർവർ എന്നിവരുടെ ഔദ്യോഗിക ഫോൺ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കിയിരുന്നു. ഈ വേളയിലും പരാതികൾ വന്നിരുന്നില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനറൽ ഒബ്സർവറുടെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പ് സ്ക്രൂട്ടിനി യോഗത്തിലും വോട്ടർ പട്ടിക സംബന്ധിച്ച അപാകതകൾ സ്ഥാനാർഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ചൂണ്ടി കാണിച്ചിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയയിൽ ആക്ഷേപം ഉള്ളപക്ഷം തെരഞ്ഞെടുപ്പ് ഹർജി നിശ്ചിത സമയപരിധിക്കുള്ളിൽ ഹൈക്കോടതിയിൽ നൽകേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

