പിടിവിട്ട് കോഴിവില കുതിക്കുന്നു; ഇറച്ചി കിലോക്ക് 250 വരെയാണ് വില
text_fieldsRepresentational Image
കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിവില പിടിവിട്ട് പറക്കുന്നു. കേരളത്തിൽ കോഴി ഉൽപാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽനിന്ന് വരവ് കുറഞ്ഞതും ഡിമാൻഡ് ഉയർന്നതുമാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്. ഒരുദിവസം 24 ലക്ഷം കിലോ കോഴി വേണമെന്നാണ് കണക്ക്. ഇതിന്‍റെ പകുതി മാത്രമേ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി കർണാടകയിലെയും തമിഴ്നാട്ടിലെയും ഫാമുകളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്. കോഴിക്കുഞ്ഞുങ്ങളുടെ മാതൃ ഇനങ്ങളിൽ അടുത്തിടെ കണ്ടെത്തിയ രോഗബാധ ഉൽപാദനം കുറയാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. പിന്നീട് ശാസ്ത്രീയ മാർഗങ്ങളിലൂടെ രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ഉൽപാദനത്തിൽ ഇടിവ് നേരിട്ടു.
മുൻ വർഷങ്ങളിലെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ ശബരിമല സീസണിൽ വിൽപന കുറയുന്നത് മുന്നിൽകണ്ട് കേരളത്തിലെ കർഷകർ ഇത്തവണ ഉൽപാദനം കുറച്ചു. എന്നാൽ, പതിവിന് വിപരീതമായി ശബരിമല സീസണിലെ തണുപ്പുകാലത്ത് കേരളത്തിൽ ഡിമാൻഡ് ഉയർന്നു. ഇതും വില വർധിക്കാൻ ഇടയാക്കി.
ഫാമുകളിൽനിന്ന് കോഴികളെ വിൽക്കുന്ന കർഷകർക്ക് നിലവിൽ 140 മുതൽ 145 രൂപ വരെയാണ് ലഭിക്കുന്നത്. ചില്ലറ വിൽപനശാലകളിൽ ഇപ്പോൾ 170 രൂപ വരെയുണ്ട്. വരുംദിവസങ്ങളിലും വില കൂടാനാണ് സാധ്യത. ഇറച്ചി കിലോക്ക് 250 വരെയാണ് വില.
ഒരുദിവസം വേണ്ടത് 24 ലക്ഷം കിലോ കോഴി
സീസൺ കാലയളവിൽ കേരളത്തിൽ പ്രതിദിനം ശരാശരി വിൽക്കുന്നത് 24 ലക്ഷം കിലോയോളം ഇറച്ചിക്കോഴിയാണ്. മറ്റ് സമയങ്ങളിൽ 20 ലക്ഷം കിലോവരെയാണ്.
മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ വിൽപന. പ്രതിദിനം രണ്ടരലക്ഷം കിലോയിലധികം ഈ ജില്ലകളിൽ വിൽക്കുന്നു. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിൽ രണ്ടേകാൽ ലക്ഷം കിലോയോളം വിൽപന നടക്കുന്നുണ്ട്. കൊല്ലം, കോട്ടയം ഒന്നര ലക്ഷം, പാലക്കാട്, കാസർകോട് ഒന്നേകാൽ ലക്ഷം, ആലപ്പുഴ ഒരുലക്ഷം, പത്തനംതിട്ട, ഇടുക്കി 75,000, വയനാട് 60,000 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഏകദേശ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

