കത്തിക്കയറി കോഴിയിറച്ചി വില; കിലോക്ക് 300 രൂപ കടന്നു
text_fieldsതിരുവനന്തപുരം: കുതിച്ചുകയറി കോഴിയിറച്ചി വില. കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർധിച്ചതാണ് ഇറച്ചിക്ക് വില വർധിക്കാൻ കാരണം. കിലോക്ക് 300 രൂപയാണ് നിലവിൽ കോഴിയിറച്ചിയുടെ വില. ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. ചായക്കടകളില്‍ ചിക്കൻ വാങ്ങിയാല്‍ കഷണം ഇല്ലാത്ത സാഹചര്യവുമായി.
ഒന്നരമാസത്തിനിടെ കോഴിത്തീറ്റ ചാക്കിന് 500 രൂപയിലധികമാണ് വര്‍ധിച്ചത്. 1,350 രൂപയുണ്ടായിരുന്ന 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1,850 രൂപയായി ഉയർന്നു. തീറ്റയുണ്ടാക്കാനുള്ള അസംസ്കൃതവസ്തുക്കളായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ തുടങ്ങിയവ കിട്ടാനില്ലാത്തതാണ് കോഴിത്തീറ്റയ്ക്ക് വില കൂടാൻ കാരണം. 25 രൂപ ഉണ്ടായിരുന്ന കോഴിക്കുഞ്ഞിന്റെ വില 45 രൂപയിലധികം വര്‍ധിപ്പിച്ചതായും പൗള്‍ട്രി ഫാം നടത്തിപ്പുകാര്‍ പറയുന്നു. കോഴികള്‍ക്കുള്ള മരുന്നിന്റെ വിലയും ഇരട്ടിയിലധികം കൂടി. കോഴിയിറച്ചിക്കും വില വർധിച്ചത് ഫാസ്റ്റ് ഫുഡ് കടകളെ സാരമായി ബാധിച്ചിട്ടുണ്ട്. പോത്തിറച്ചിക്കും വിലക്കൂടുതലാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിലുള്ള നിയന്ത്രണം കാരണമായി ഈസ്റ്റർ സമയത്ത് ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപയായി ഉയർത്തിയിരുന്നത് അതുപോലെ തുടരുകയാണ്.
സര്‍ക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഓണം ചിക്കനില്ലാതെ ആഘോഷിക്കേണ്ടിവരുന്ന സാഹചര്യമാണ്. കേരളത്തില്‍ കോഴി വളര്‍ത്തല്‍ പ്രതിസന്ധി സാരമായി തുടരുകയാണ്. കേരളത്തിലുള്ള മിക്ക പൗള്‍ട്രി ഫാമുകളും പൂട്ടി. തൊഴിലാളികളുടെ ശമ്പളം നോക്കുമ്പോൾ കോഴി വളര്‍ത്തി വിൽപന നടത്തിയാല്‍ കിട്ടുന്ന ലാഭം തുച്ഛമാണ്. ഓണം ആകുമ്പോഴേക്കും കോഴിയിറച്ചി വില 350 കടക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

