ചേവായൂർ സഹകരണ ബാങ്ക് തർക്കം; പാർട്ടിവിട്ട കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സി.പി.എമ്മിൽ
text_fieldsകോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പാർട്ടിവിട്ട കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സി.പി.എമ്മിൽ ചേർന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അടക്കമുള്ള നേതാക്കളാണ് ബാങ്ക് ചെയർമാൻ അടക്കമുള്ളവരെ സ്വീകരിച്ചത്. കോൺഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച ഏഴ് ബാങ്ക് ഡയറക്ടർമാരിൽ രണ്ടുപേരെയാണ് സി.പി.എമ്മിലെത്തിക്കാനായത്.
നേതൃവുമായുടക്കി പാർട്ടി വിട്ടവരും സി.പി.എമ്മും ഒന്നിച്ചപ്പോഴാണ് കോൺഗ്രസിന് ചേവായൂർ സഹകരണ ബാങ്ക് ഭരണം നഷ്ടപ്പെട്ടത്. കോൺഗ്രസ് നേതാവായിരുന്ന ബാങ്ക് ചെയർമാൻ ജി.സി. പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ളവരെ സ്വീകരിക്കാൻ വമ്പൻ സമ്മേളനമാണ് സി.പി.എം കോട്ടൂളിയിൽ ഒരുക്കിയത്. എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഏതൊരാൾക്കും കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിൽനിന്ന് രാജിവെച്ചവർ രൂപവത്കരിച്ച ചേവായൂർ ബാങ്ക് സംരക്ഷണ സമിതിയിലെ ഏഴ് പേരാണ് കഴിഞ്ഞ ഡറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ജി.സി. പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിൽ ഇവരെ സി.പി.എമ്മിൽ എത്തിക്കാനായിരുന്നു നീക്കം. എന്നാൽ രണ്ടുപേർ മാത്രമാണ് സി.പി.എമ്മിലെത്തിയത്. മറ്റുള്ളവരുടെ നിലപാട് എന്താണെന്ന് കോൺഗ്രസും നിരീക്ഷിക്കുന്നുണ്ട്. പാർട്ടിയുമായി ഇടഞ്ഞവർ സി.പി.എമ്മിൽ ചേരുന്നത് തടയാൻ കോൺഗ്രസ് ജില്ലാനേതൃത്വം ഇടപെട്ടിരുന്നു. പലരെയും ഭീഷണിപ്പെടുത്തി സി.പി.എമ്മിൽ എത്തിച്ചെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

