ചെറുവണ്ണൂർ മേൽപാലം ഗർഡറുകൾ സ്ഥാപിക്കൽ; പഴയ ദേശീയപാത അടച്ചു
text_fieldsഫറോക്ക്: ചെറുവണ്ണൂർ മേൽപാലത്തിൽ രണ്ടാംഘട്ട ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് പഴയ ദേശീയപാത അടച്ചു. ഇന്നലെ രാത്രി 10 ന് അടച്ച ദേശീയപാത വ്യാഴാഴ്ച രാത്രി 12 നാണ് തുറക്കുക. 18 ഗർഡറുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ബാക്കി
11 എണ്ണം കൂടി സ്ഥാപിക്കാനുണ്ടാകും. അത് മൂന്നാം ഘട്ടത്തിലായിരിക്കും. ഫറോക്ക് പുതിയ പാലത്തിനും ചെറുവണ്ണൂർ ജങ്ഷനുമിടയിലാണ് റോഡ് അടക്കുന്നതെങ്കിലും രാമനാട്ടുകരക്കും കോഴിക്കോടിനുമിടക്ക് വാഹന ഗതാഗതം പൂർണമായും നിരോധിച്ച സ്ഥിതിയിലായി. പഴയ ദേശീയപാത വഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചു കൊണ്ടുള്ള വിജ്ഞാപനം ജില്ല കലക്ടർ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ദീർഘദൂര ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ ടച്ച് ചെയ്ത് എൻ.എച്ച്. 66 വഴി പോകണം.
തിരുവനന്തപുരം, എറണാകുളം, കാസർകോട് ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസുകൾ എൻ.എച്ച് 66 വഴിമാത്രം സർവിസ് നടത്തണം. മലപ്പുറം, മഞ്ചേരി,നിലമ്പൂർ,തിരൂർ, വേങ്ങര ഭാഗത്തു നിന്ന് വരുന്ന ബസുകൾ രാമനാട്ടുകര സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം എയർപോർട്ട് റോഡ് ജങ്ഷൻ, പന്തീരാങ്കാവ്, മാത്തറ, മാങ്കാവ് വഴി സിറ്റിയിലേക്ക് പ്രവേശിക്കണം. സിറ്റിയിൽ നിന്ന് തിരിച്ചു വരുന്ന ബസുകൾ മീഞ്ചന്ത, അരീക്കാട്, ഒളവണ്ണ, പന്തീരാങ്കാവ്, രാമനാട്ടുകര സ്റ്റാൻഡ് വഴി പോകണം. കടലുണ്ടി, ചാലിയം, കരുവൻതിരുത്തി, ഫറോക്ക് ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സിറ്റിബസുകൾ ചെയിൻ സർവിസായി കോയാസ് സ്റ്റോപ്പിൽ യാത്ര അവസാനിപ്പിക്കേണ്ടതും ചെറുവണ്ണൂർ ജങ്ഷനിൽ നിന്ന് സർവിസ് ആരംഭിക്കേണ്ടതുമാണ്.
കോഴിക്കോട് നിന്നും ഫറോക്ക് ഭാഗത്തേക്കു വരുന്ന സിറ്റി ബസുകൾ ചെറുവണ്ണൂർ ജങ്ഷനിൽ സർവിസ് അവസാനിപ്പിക്കേണ്ടതും ആരംഭിക്കേണ്ടതുമാണ്.

