ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് ഏറ്റെടുക്കാനുള്ള നീക്കം കൈയേറ്റക്കാരെ സംരക്ഷിക്കാൻ -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ഗ്രീൻ ഫീൽഡ് വിമാനത്താവളം നിർമിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള പിണറായി സർക്കാർ ഉത്തരവ് കൈയേറ്റ ഭൂമി വിലക്കു വാങ്ങി കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി കേസ് നിലനിൽക്കുന്നതിനാൽ 2700 ഏക്കർ ഭൂമിയുടെ തുക കോടതിയിൽ കെട്ടിവച്ച് ഏറ്റെടുക്കാനാണ് സർക്കാർ കോട്ടയം കലക്ടറോട് നിർദ്ദേശിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും തോട്ടത്തിനായി ഹാരിസൺ പാട്ടത്തിനെടുത്ത ഭൂമിയാണ് ഹാരിസൺ നിയമവിരുദ്ധമായി വൻ തുകക്ക് ബിലീവേഴ്സ് ചർച്ചിന് വിറ്റത്. ഈ വിൽപന നിയമപരമായി നിൽക്കുന്നതല്ല എന്നിരിക്കെ കോടതിയിൽ ബിലീവേഴ്സ് ചർച്ചിന് പണം കിട്ടുന്ന സ്ഥിതി ഉണ്ടാകും.
സർക്കാർ നേരത്തേ പ്രഖ്യാപിച്ച നിലപാടിന് വിരുദ്ധവുമാണിത്. ഹാരിസൺ പതിനായിരക്കണക്കിന് ഏക്കർ ഭൂമി പല ജില്ലകളിലായി അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്ന് രാജമാണിക്യം കമ്മിറ്റിയടക്കം വിവധ സർക്കാർ സംവിധാനങ്ങൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ച് നിലനിൽക്കുന്ന കേസുകളെയെല്ലാം ദുർബലപ്പെടുത്തുന്ന നീക്കമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്.
ഇപ്പോൾ ഇത് എസ്റ്റേറ്റ് അല്ലാതായാൽ മിച്ചഭൂമിയാകും. ഭൂപരിഷ്കരണത്തിൽ വഞ്ചിക്കപ്പെട്ട് കോളനികളിൽ ഒതുക്കപ്പെട്ടിരിക്കുന്ന ദലിതരടക്കമുള്ള ഭൂരഹിതർക്ക് അവകാശപ്പെട്ട ഭൂമിയാണിത്. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് അധികാരമേറ്റ നാൾ മുതൽ പിണറായി സർക്കാർ ചെയ്യുന്നത്. ലോക്ഡൗണിന്‍റെ കാലത്തുള്ള സാമൂഹ്യ നിയന്ത്രണങ്ങളുടെ മറവിൽ ഭൂരഹിതരുടെ അവകാശം തട്ടിയെടുത്ത കോർപറേറ്റുകളെ വാഴിക്കുകയാണ് സർക്കാർ. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ പിണറായി സർക്കാരിന്‍റെ ഈ കൊടുംവഞ്ചനയെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
