കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതിന് ഹൈകോടതിയുടെ സ്റ്റേ. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണെമന്നാവശ്യപ്പെട്ട് ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജിയിലാണ് ഈ മാസം 21വരെ ഏറ്റെടുക്കൽ തടഞ്ഞ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ളതിനാൽ വ്യവസ്ഥയനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിെവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ ഉത്തരവ്. ഇൗ നടപടി ദുരുദ്ദേശ്യപരവും നിയമവിരുദ്ധവുമാണെന്ന് കാണിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം കെട്ടിെവച്ച് ഭൂമി ഏറ്റെടുക്കുന്നത് സർക്കാറിന് ഭൂമിയിൽ ഉടമസ്ഥാവകാശം ഇല്ലെന്നതിന് തെളിവാണെന്നും ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നുമാണ് ആവശ്യം. സർക്കാർ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ നഷ്ടപരിഹാരം കെട്ടിവെക്കുന്നത് എന്തിനാണെന്ന് കോടതി വാക്കാൽ ആരാഞ്ഞു. ഭൂമി സർക്കാറിേൻറതാണെങ്കിലും അതിൽ കൃഷി നടത്തിയത് ഹരജിക്കാരാണെന്നും അവ നഷ്ടപ്പെടുന്നതിെൻറ നഷ്ടപരിഹാരമാണ് നൽകുന്നതെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
ഇവിടെയുള്ള നിർമാണങ്ങൾക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം കെട്ടിവെക്കുന്നത്. ഭൂമിയുടെ ഉടമസ്ഥതയിൽ ഹരജിക്കാർക്ക് അവകാശമില്ലെന്നും സർക്കാർ വാദിച്ചു. ഹരജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
LATEST VIDEO