മനസ്സ് തുറക്കാതെ സെബാസ്റ്റ്യൻ; തെളിവുണ്ടെന്ന് അന്വേഷണസംഘവും
text_fieldsസെബാസ്റ്റ്യൻ
കോട്ടയം: സ്ത്രീകളുടെ തിരോധാന കേസുകളിൽ തുമ്പുണ്ടാക്കാനുള്ള അന്വേഷണസംഘങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി പ്രതി സെബാസ്റ്റ്യന്റെ നിസ്സഹകരണം. ഒരാഴ്ചയോളം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാറിയുംതിരിഞ്ഞും മണിക്കൂറുകളോളം ചോദിച്ചിട്ടും വ്യക്തമായ മറുപടി ഇയാൾ നൽകാത്തത് അന്വേഷണസംഘങ്ങളെ കുഴക്കുകയാണ്.
എന്നാൽ, കേസുകളുമായി സെബാസ്റ്റ്യനെ ബന്ധിപ്പിക്കാനാകുന്ന വിവരങ്ങളൊക്കെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം. ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾകൂടി ലഭിക്കുമ്പോൾ പ്രതിയെ പൂട്ടാനാകുമെന്ന പ്രതീക്ഷയിലാണ് സംഘം.
സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി മാത്രമാണ് ലഭിക്കാത്തത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽനിന്ന് ലഭിച്ചത് ആരുടെ ശരീരാവശിഷ്ടങ്ങളാണെന്ന് പോലും പ്രതി വ്യക്തമാക്കിയിട്ടില്ല. അതിനാൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിലാണ് അന്വേഷണസംഘത്തിന് പ്രതീക്ഷ. ശരീരാവശിഷ്ടങ്ങളുടെ രാസപരിശോധന, ഡി.എൻ.എ റിപ്പോർട്ടുകൾ സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി തീരും മുമ്പ് ലഭിക്കുമെന്നാണ് അന്വേഷണസംഘം പറയുന്നത്.
കോടതിക്ക് ലഭിക്കുന്ന റിപ്പോർട്ട് അപേക്ഷ നൽകി വാങ്ങി ചോദ്യം ചെയ്യുന്നതോടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ. ആ റിപ്പോർട്ട് ലഭിച്ചാൽ മരിച്ചതാരാണെന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് അവർ പറയുന്നു. വ്യാഴാഴ്ചയും സെബാസ്റ്റ്യനെ ചോദ്യംചെയ്തെങ്കിലും കാര്യമായ മൊഴിയൊന്നും ഏറ്റുമാനൂർ ജെയ്നമ്മ തിരോധാന കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചിന് ലഭിച്ചില്ല.
വീണ്ടും കസ്റ്റഡിയിൽ ലഭിച്ച സെബാസ്റ്റ്യനെയും ഇയാളുമായി അടുപ്പമുള്ളവരുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്തും. കഴിഞ്ഞദിവസം ഇയാളുടെ ഭാര്യയുടെ മൊഴി കോട്ടയം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ചോദിച്ചത്. ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.
ഐഷയുടെയും സെബാസ്റ്റ്യന്റെയും സുഹൃത്ത് റോസമ്മയെയും വീണ്ടും ചോദ്യംചെയ്യും. ചോദ്യംചെയ്യലിന്റെ ആദ്യംമുതൽ അനാരോഗ്യം ചൂണ്ടിക്കാട്ടിയുള്ള സെബാസ്റ്റ്യന്റെ നിസ്സഹകരണം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്ന് അന്വേഷണസംഘം സമ്മതിക്കുന്നു. ജെയ്നമ്മയുടെ സഹോദരങ്ങളുടെയും ഐഷയുടെ ബന്ധുക്കളുടെയും ഡി.എൻ.എ സാമ്പിളുകൾ നേരത്തേ അന്വേഷണസംഘം ശേഖരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

