ഉപ്പ കയർത്തു; ‘നീ ഇപ്പളേ തൊടങ്ങിേയാ മന്ത്രിയാകാൻ’
text_fieldsകാസർകോട്: വാടകക്ക് സൈക്കിൾ കൊടുക്കുന്ന പീടികയുണ്ടായിരുന്നു ചെർക്കളം അബ്ദുല്ലയുടെ ഉപ്പ ബാരിക്കാട് മുഹമ്മദ് ഹാജിക്ക്. ഉപ്പക്ക് പ്രിയങ്കരനായ മകനാണ് അബ്ദുവെങ്കിലും അൽപസ്വൽപം കുരുത്തക്കേടും ഇല്ലാതില്ല. ചെറുപ്പം മുതൽ ലീഗ് ഭ്രമം നന്നായി പിടികൂടിയ അബ്ദുവിനെ ഒരിക്കൽ ഉപ്പ പിടികൂടിയ കാര്യം ഒാർമിക്കുന്നത് ചെർക്കളത്തിെൻറ അവസാന കാലം വരെ സന്തത സഹചാരിയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി ചായിൻറടിയാണ്.
‘‘നീ ഇപ്പളേ തൊടങ്ങിേയാ മന്ത്രിയാകാൻ’’എന്നായിരുന്നു ഒരിക്കൽ രോഷത്തോടെ ഉപ്പയുടെ ചോദ്യം. മകൻ തെൻറ കടയിൽനിന്ന് വാടകക്കെടുത്ത സൈക്കിളിൽ മൈക്ക് െകട്ടിവെച്ച് ലീഗിനുവേണ്ടി പ്രചാരണം നടത്തുന്നത് കണ്ടപ്പോഴായിരുന്നു അത്. പിന്നീട് മന്ത്രിയായപ്പോൾ, സ്വപ്നംപോലും കാണാൻ പറ്റാത്ത പദവി പണ്ട് തന്നിൽ അടച്ചേൽപിച്ച ഉപ്പയെ ചെർക്കളം സ്മരിച്ചിരുന്നു.
ഉറച്ച ശബ്ദവും കനത്ത വാക്കുകളും തുളുനാടൻ നേതാവിന് അനിവാര്യമായ ബഹുഭാഷാജ്ഞാനവുമാണ് ഉപ്പയുടെ വാക്കുകൾ യാഥാർഥ്യമാകുന്നതിലേക്ക് ചെർക്കളത്തെ നയിച്ച ഘടകങ്ങൾ. വിശ്വസിക്കാവുന്ന നേതാവ് എന്ന ഖ്യാതിയും അദ്ദേഹം നേടി. 1958 ഫെബ്രുവരിയിൽ ലീഗിെൻറ ചെർക്കളം ശാഖ സെക്രട്ടറിയിൽ തുടങ്ങിയ അദ്ദേഹം ഏൽപിച്ച ദൗത്യമെല്ലാം ഏൽപിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് നിറവേറ്റിയത്. സമ്പന്നന്മാരുടെ പാർട്ടിയെന്ന് ലീഗിനെ വിളിക്കുേമ്പാഴും ചെർക്കളം വിടപറയുന്ന നേരെത്ത ബാലൻസ് ഷീറ്റ് പൂജ്യംതന്നെയാണ്. എടനീർ സ്കൂളിലെ 10ാം ക്ലാസുകാരെൻറ വിദ്യാഭ്യാസത്തിൽ കന്നട ഭാഷയും ഉൾചേർന്നത് ചെർക്കളത്തിെൻറ രാശിയായി.
മഹാജൻ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കാസർകോട് കർണാടകയിൽ ലയിപ്പിക്കണം എന്ന് കർണാടക സമിതിക്കാർ പ്രക്ഷോഭം നടത്തിയപ്പോൾ കന്നടഭാഷ തന്നെ ഉപയോഗിച്ച് ചെർക്കളം പ്രത്യാക്രമണപ്രക്ഷോഭം നടത്തി. ആവശ്യം കാസർകോട് കേരളത്തിൽതന്നെ വേണമെന്നായിരുന്നു. പാർട്ടിയിലും മുന്നണിയിലും ചെർക്കളത്തിെൻറ വാക്ക് അവസാനവാക്കായിരുന്നു. എവിടെ പ്രവർത്തകരും പാർട്ടിയും പ്രശ്നത്തിലായോ അവിടെ ചെർക്കളം എത്തിയാൽ അവസാനിക്കും.
തികഞ്ഞ മതേതരവാദിയായിരുന്നു ചെർക്കളം. പാർട്ടി യോഗത്തിൽ ഭാരവാഹികളുടെ പേരെടുത്ത് വിളിക്കുന്ന ഒരു നേതാവ് ലീഗിൽ ഇനിയില്ല. കുടുംബം എന്നും വികാരമായി കൊണ്ടുനടന്നിരുന്നു. എവിടെ, എത്ര ദിവസം താമസിച്ചാലും ഒാരോ ദിവസവും ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയും വിളിച്ച് കുശലം പറഞ്ഞുവെന്ന് ഉറപ്പുവരുത്തും. കുമ്പളയിൽ ഡോക്ടെറ തല്ലിയതും സ്വാമിയെ സ്വീകരിക്കാൻ പോയ ചെർക്കളത്തിെൻറ നെറ്റിയിൽ കുങ്കുമം പതിഞ്ഞതും വിവാദമുണ്ടാക്കിയിരുന്നു. പക്ഷേ, എല്ലാം മെല്ലെ കെട്ടടങ്ങി.
പൊട്ട് വിവാദം
മന്ത്രിയേയും പാർട്ടിയേയും പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു പൊട്ട് വിവാദം. കാലടി സംസ്കൃത സർവകലാശാല ചടങ്ങിലേക്ക് 2003ൽ കേരളത്തിെൻറ അതിഥിയായെത്തിയ ശൃംഗേരി മഠാധിപതി സ്വാമി ഭാരതി തീർഥക്ക് സംസ്ഥാനത്തിെൻറ വടക്കേ അറ്റത്ത് ആവള മഠത്തിലായിരുന്നു ആദ്യ സ്വീകരണം. സർക്കാറിനെ പ്രതിനിധീകരിച്ച മന്ത്രി ചെർക്കളം അബ്ദുല്ലയെ മഠാചാരപ്രകാരം പൊട്ടുതൊടുവിച്ചു. മുസ്ലിം ലീഗുകാരനായ എം.എൽ.എയുടെ നെറ്റിയിലും ചാർത്തിയെങ്കിലും അദ്ദേഹം സമർഥമായി തുടച്ചുകളഞ്ഞിരുന്നു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറായിരുന്ന ഉമറലി ശിഹാബ് തങ്ങൾ ചെർക്കളം ഇസ്ലാമിന് പുറത്താണെന്ന് പരസ്യപ്രസ്താവന വരെ നടത്തിയ സംഭവം കെട്ടടങ്ങിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നയപരമായ തീരുമാനത്തോടെയായിരുന്നു. കേരളത്തിലെ ഒരു മന്ത്രി സംസ്ഥാനത്തിെൻറ അതിഥിയുടെ സ്വീകരണവേളയിൽ സർക്കാറിനെ പ്രതിനിധീകരിച്ച് ചെയ്ത കാര്യങ്ങളുടെ പേരിൽ എന്ത് നടപടിയെടുത്താലും മതേതര വിരുദ്ധമായേ വിലയിരുത്തപ്പെടൂ എന്നായിരുന്നു ശിഹാബ് തങ്ങളുടെ വിധി. പുറത്തുവിടാത്ത ചില തീരുമാനങ്ങളും പാർട്ടി എടുത്തിരുന്നുവെന്ന് മന്ത്രിസഭ പുനഃസംഘടനയിൽ ചെർക്കളം പുറത്തായതോടെ ബോധ്യമായി. 1987 മുതൽ തുടർച്ചയായി വിജയിച്ച മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ 2006ൽ ചെർക്കളം പരാജയപ്പെട്ടത് പാർട്ടിയിലെ അടിയൊഴുക്കുകൾ അറിയാൻ കഴിയാതെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
