ചേരാനല്ലൂർ അപകടക്കേസ്: മായിച്ച ഡാറ്റ വീണ്ടെടുക്കാൻ പൊലീസ്, ഫോൺ വിദഗ്ധ പരിശോധനക്ക് അയക്കും
text_fieldsകൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ ഫോണിൽനിന്ന് വിവരങ്ങൾ തിരിച്ചെടുക്കാൻ അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉൾപ്പടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനക്ക് അയക്കും. പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിങ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് അഡീഷണൽ ജഡ്ജി. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഈ മൊഴിയിൽ ജഡ്ജി ഉറച്ചുനിന്നു.
17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളെടുത്ത് ഈ വാദം പൊളിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അപകടസമയത്ത് പ്രതിയായ കൗമാരക്കാരൻ ഓടിച്ചിരുന്ന ആഢംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ തന്നെയുണ്ടെന്നാണ് സൂചന. ഇയാൾ ഇതിന് മുമ്പും 208 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ വിവരങ്ങളും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധിക്കും.
അതേസമയം, തങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് ചേരാനല്ലൂരില്‍ കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജി കേസില്‍നിന്ന് ഊരിപ്പോരാനുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാന്‍ ഹൈകോടതി കൂട്ടാക്കിയില്ലെന്നും കുടുംബം പറഞ്ഞു. കേസിൽ 17കാരന്‍റെ പിതാവായ അഡീഷനൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി. ജുഡീഷ്യല്‍ ഓഫിസറെ കേള്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിലവില്‍ മുന്‍കൂര്‍ ജാമ്യം കിട്ടല്ലേ ഭഗവാനേ എന്നു മാത്രമാണ് തങ്ങള്‍ പ്രാര്‍ഥിക്കുന്നത്. ഇനിയെല്ലാം ഈശ്വരന്റെ കൈയിലാണ്.
സാധാരണക്കാരനാണെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെയാണ് സമീപിക്കേണ്ടത്. അക്കാര്യം കോടതിയില്‍ ഉന്നയിച്ചു. അതിന് ജഡ്ജി പറഞ്ഞത്, ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തി പ്രതിയായതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയില്‍ മാത്രമേ കേള്‍ക്കാന്‍ പറ്റൂവെന്നാണ്. പുലര്‍ച്ചെ 2.47 നാണ് കുട്ടി പിതാവായ അഡീഷനല്‍ ജഡ്ജിയെ ഫോണില്‍ വിളിച്ചതെന്നാണ് പറഞ്ഞത്. അതു ശരിയല്ല. തങ്ങൾക്ക് അതിനുള്ള തെളിവ് കിട്ടിയിട്ടില്ല. ഒരു മണിക്കുശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നും അവർ പ്രതികരിച്ചു.
അഡീഷനൽ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജഡ്ജി പൊലീസിന്‍റെ അന്വേഷണവും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. അപേക്ഷകൻ നിലവിൽ സേവനത്തിലുള്ള ഒരു ജുഡീഷ്യൽ ഓഫിസറാണെന്നും അദ്ദേഹം നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
ബുധനാഴ്ച കൊച്ചി ഹൈകോടതിക്കടുത്തുള്ള പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. താനറിയാതെയാണ് മകൻ കാറുമായി പുറത്തു പോയതെന്ന മുൻനിലപാട് ക്രൈംബ്രാഞ്ചിനുമുന്നിലും ജഡ്ജി ആവർത്തിക്കുകയാണ് ചെയ്തത്. ചേരാനല്ലൂർ പൊലീസിനോടും ഇതുതന്നെയാണ് പറഞ്ഞത്. അന്ന് മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. യൂട്യൂബ് നോക്കിയാണ് കാർ ഓടിക്കാൻ പഠിച്ചതെന്നാണ് പതിനേഴുകാരൻ പൊലീസിന് മൊഴി നൽകിയത്. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടന്നത്.

