ചേരാനല്ലൂർ വാഹനാപകടം: ബെൻസ് കാറോടിച്ച ജഡ്ജിയുടെ മകനായ 17-കാരന് സ്റ്റേഷൻ ജാമ്യം; വിട്ടയച്ചു
text_fieldsകൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച കേസിൽ കാറോടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനായ 17-കാരന് ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന ഉപാധിയോടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജാമ്യം അനുവദിച്ചത്. മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കുട്ടിക്കെതിരെ കേസെടുത്തിരുന്നത്.
ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരക്കുമിടയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തട്ടുകടയിലെ ജോലി പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികൻ ജയപാലകൃഷ്ണനാണ് അപകടത്തിൽ മരണപ്പെട്ടത്.
അമിതവേഗതയിലെത്തിയ ബെൻസ് കാർ ജയപാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന അരിയും മറ്റ് സാധനങ്ങളും റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ച നിലയിലായിരുന്നു.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി.

