ജഡ്ജിയുടെ ഫ്ലാറ്റിലെ പരിശോധന നീണ്ടത് ഏഴ് മണിക്കൂർ; 17കാരൻ സ്ഥിരമായി ബൈക്ക് ഓടിക്കാറുണ്ടെന്ന് സുരക്ഷ ജീവനക്കാരന്‍റെ മൊഴി
text_fieldsകൊച്ചി: എറണാകുളം ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവും വാഹന ഉടമയുമായ അഡീഷനൽ ജഡ്ജിയുടെ ഫ്ലാറ്റിൽ ഏഴ് മണിക്കൂർ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആഡംബര ബൈക്കും ഒട്ടേറെ ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ആരംഭിച്ച പരിശോധന ബുധനാഴ്ച പുലർച്ചെ നാലോടെയാണ് അവസാനിച്ചത്. ഹൈകോടതിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
അതിനിടെ, ചേരാനല്ലൂർ വാഹനാപകടക്കേസിലെ പൊലീസ് വീഴ്ചയിൽ ആഭ്യന്തര വകുപ്പ് നടപടി കടുപ്പിച്ചു. കൊച്ചി സിറ്റി പൊലീസ് കമീഷണർ സ്ഥാനത്തുനിന്ന് കാളിരാജ് മഹേഷ്കുമാറിനെ മാറ്റി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശാനുസരണമാണ് നടപടി. ദക്ഷിണ മേഖല ഐ.ജി ആർ. നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. കാളിരാജ് മഹേഷ്കുമാറിന് പകരം ചുമതല നൽകിയിട്ടില്ല.
പി. പ്രകാശിനെ ദക്ഷിണ മേഖല ഐ.ജിയായും നിയമിച്ചു. എസ്.സി.ആർ.ബിയുടെ ചുമതലയിലും പ്രകാശ് തുടരും. കഴിഞ്ഞദിവസം എ.ഡി.ജി.പി പി. വിജയൻ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് ചേരാനല്ലൂർ സ്റ്റേഷനിലെ സി.ഐ കെ.എസ്. ശ്യാംകുമാർ, എസ്.എച്ച്.ഒ പി.എച്ച്. വിശ്വജിത്ത്, ഗ്രേഡ് എസ്.ഐ കെ.പി. മനോജ്, എസ്.സി.പി.ഒ അരുൺ ജോഷി എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
17കാരന് വാഹനം കൊടുത്തുവിട്ട പിതാവിനെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം ശക്തമായി രംഗത്തുവന്നതോടെയാണ് ജഡ്ജിക്കെതിരെ കേസെടുക്കാനും അദ്ദേഹത്തെ ചോദ്യം ചെയ്യാനും ഫ്ലാറ്റിൽ പരിശോധന നടത്താനും പൊലീസ് തയാറായത്. ഇതിനിടെ, ഫ്ലാറ്റിലെ പരിശോധന പൊലീസ് ബോധപൂർവം വൈകിപ്പിച്ചു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ജയബാലകൃഷ്ണന്‍റെ കുടുംബം പൊലീസ് സ്റ്റേഷനിലെത്തി ചർച്ച നടത്തിയതോടെയാണ് പൊലീസ് റെയ്ഡ് നടപടികളിക്കേ് കടന്നത്. ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും സുരക്ഷ ജീവനക്കാരന്‍റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 17കാരൻ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ആഡംബര ബൈക്കാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥി സ്ഥിരമായി ബൈക്ക് ഓടിക്കാറുണ്ടെന്നാണ് സുരക്ഷ ജീവനക്കാരന്‍റെ മൊഴി.
മകൻ വാഹനവുമായി പുറത്തുപോയത് തന്‍റെ അറിവോടെയല്ലെന്നാണ് ജഡ്ജി നൽകിയ മൊഴി. എന്നാൽ, 17കാരൻ മുമ്പും അമിതവേഗതയിൽ വാഹനമോടിച്ചിട്ടുണ്ടെന്നും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ റീൽ ചിത്രീകരിക്കാനാണ് കാറുമായി പുറത്ത് പോയതെന്നുമാണ് പൊലീസ് പറയുന്നത്. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

