ചെന്താമരാക്ഷന്‍ തന്നെക്കാളും പ്രബലനായ ജില്ല സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാം -ഇ.എൻ. സുരേഷ് ബാബു
text_fieldsസി.പി.എം പാലക്കാട് ജില്ല സെക്രട്ടറി വി. ചെന്താമരാക്ഷനും മുൻ ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിന് ശേഷം വാർത്തസമ്മേളനത്തിനായി വരുന്നു
പാലക്കാട്: വി. ചെന്താമരാക്ഷന്‍ തന്നെക്കാളും പ്രബലനായ ജില്ല സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാമെന്ന് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെ തുടർന്നുള്ള തെറ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി മാറ്റിയ സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ മാറ്റമെന്നും അദ്ദേഹം പ്രതികരിച്ചു.
‘കാര്യങ്ങൾ നേതൃത്വത്തെ ബോധ്യപ്പെടുത്തി. മറ്റു വ്യാഖ്യാനങ്ങളില്ല. മൂന്ന് ടേം വ്യവസ്ഥയുണ്ടെങ്കിലും പാര്‍ട്ടിയെ സംബന്ധിച്ച് ഇടക്കുവെച്ച് മാറുകയോ മാറ്റുകയോ ചെയ്യാം. ജില്ലയെ സംബന്ധിച്ചിടത്തോളം സംഘടനാപരമായ കുറവുകളുണ്ട്. ഇതടക്കം വലിയ ചര്‍ച്ചക്ക് വിധേയമാക്കിയിട്ടുണ്ട്. വിജയത്തിനിടയിലും ജില്ലയിൽ പാര്‍ട്ടിക്ക് ക്ഷീണമുണ്ടായിട്ടുണ്ട്. ചെന്താമരാക്ഷന്‍ തന്നെക്കാളും പ്രബലനായ ജില്ല സെക്രട്ടറിയായി മാറുന്ന കാഴ്ച ഭാവിയില്‍ കാണാം’ -അദ്ദേഹം പറഞ്ഞു.
വിപുലീകൃത ജില്ല കമ്മിറ്റിയുടെ സമാപന ദിവസം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റാൻ തീരുമാനിച്ചത്.
ടി.പി. മുഹമ്മദ് (തൃത്താല), കെ. ജയദേവൻ (ശ്രീകൃഷ്ണപുരം), എൻ.കെ. നാരായണൻകുട്ടി (മണ്ണാർക്കാട്), വി. രാധാകൃഷ്ണൻ (വടക്കഞ്ചേരി), കെ. രമാധരൻ (കൊല്ലങ്കോട്), എ. പരമേശ്വരൻ (അട്ടപ്പാടി) എന്നീ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരെയും യുവ പ്രതിനിധികളായി ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ഷിബി കൃഷ്ണ, ജോ. സെക്രട്ടറി എ.എൻ. നീരജ് എന്നിവരെയും ജില്ല കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തി. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണ നടപടിയാണ്.
ശനിയാഴ്ചത്തെ ചർച്ചയിൽ സുരേഷ് ബാബുവിനെതിരെ രൂക്ഷമായ വിമർശനങ്ങളും പരാതികളും ഉയർന്നിരുന്നു. ജില്ലയിൽ വിഭാഗീയത ശക്തമായത് സുരേഷ് ബാബു കാരണമാണെന്നായിരുന്നു വിമർശനം. പാർട്ടിയുടെ ഉയർച്ചക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്നും ആവശ്യമുയർന്നു. തൃത്താല, കോങ്ങാട് മണ്ഡലങ്ങൾ പാർട്ടിക്ക് നഷ്ടപ്പെടാൻ കാരണം വിഭാഗീയതയാണെന്നും വിമർശനമുയർന്നിരുന്നു. കൂടാതെ പാർട്ടി ഓഫിസ് നവീകരണത്തിലെ ഫണ്ട് ശേഖരണത്തിന്‍റെ കണക്ക് അവതരിപ്പിച്ചില്ലെന്നും പെരുമാറ്റ ദൂഷ്യമുള്ളയാളെന്നും വിമർശനമുണ്ടായി.
പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തതെന്നും ഇ.എന്‍. സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും വന്നിട്ടില്ലെന്നും വി. ചെന്താമരാക്ഷൻ പറഞ്ഞു. ജില്ലയിലെ ഏറ്റവും പ്രബലമായ പാര്‍ട്ടിയാണ് സി.പി.എം. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാനാവശ്യമായ ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

