ചെന്നിത്തല: ജനകീയ നേതാവിന്റെ കരുത്ത്
text_fieldsആലപ്പുഴ: മുഖ്യമന്ത്രിസ്ഥാനം കൈവിട്ടിട്ടും പതറാതെ മന്ത്രിസഭയിലെ രണ്ടാമനായി കരുത്ത് തെളിയിച്ചാണ് രമേശ് ചെന്നിത്തല വീണ്ടും ആഭ്യന്തരമന്ത്രിക്കസേരയിലെത്തുന്നത്. ഒന്നിലേറെ തവണ കപ്പിനും ചുണ്ടിനുമിടയിൽ ഉന്നതപദവികൾ നഷ്ടമായിട്ടും നിശ്ചയദാർഢ്യം കൈവിട്ടിരുന്നില്ല. രാഷ്ട്രീയത്തിലെ തിരക്കിനിടയിലും എഴുത്തും വായനും കൂടെ കൂട്ടി രണ്ടരവർഷമെടുത്ത് പൂർത്തിയാക്കിയ സ്വന്തം നോവൽ ‘നിയോഗം’ പോലെതന്നെയാണ് കാലം കാത്തുവെച്ച പുതിയ പദവിയും.
ലീഡർ കെ. കരുണാകരന്റെ മാനസപുത്രനായി 1986ൽ 28ാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയെന്ന റെക്കോഡും സ്വന്തം പേരിലാണ്. മന്ത്രിയാകുന്നത് മൂന്നാംതവണ. ആറുതവണ നിയമസഭാംഗം. നാലുതവണ ലോക്സഭാംഗം. 1982ൽ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട രമേശിനെ ഹരിപ്പാട്ടുകാർ നെഞ്ചിലേറ്റി. അന്ന് മന്ത്രിയായതോടെ തിളക്കംകൂട്ടി 1987ൽ വീണ്ടും പോരിനിറങ്ങി വിജയിച്ചു.
1989ൽ കോട്ടയം ലോക്സഭ മണ്ഡലത്തിലേക്ക് കളംമാറ്റി എം.പിയാതോടെ എം.എൽ.എ സ്ഥാനം രാജിവെച്ചു. പിന്നീട് 2011ൽ തിരിച്ചെത്തിയപ്പോഴും വിജയം കൂടെ പോന്നു. 2016, 2021, 2026 തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. 12 വർഷങ്ങൾക്കുശേഷമാണ് ഹരിപ്പാട്ടുനിന്ന് മന്ത്രിയുണ്ടാകുന്നത്.
കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി അംഗമാണ്. പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി, ഗ്രാമവികസന മന്ത്രി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ദേശീയ പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നാലുതവണ ലോക്സഭാംഗമായി. 2005-2014 കാലഘട്ടത്തിൽ കെ.പി.സി.സി പ്രസിഡന്റ്, 2014 മുതൽ 2016 വരെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തരം-വിജിലൻസ് വകുപ്പുകൾ. 2016 മുതൽ 2021വരെ പ്രതിപക്ഷ നേതാവ്.
ചെന്നിത്തല ഗ്രാമത്തിൽ വി. രാമകൃഷ്ണൻ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. ചെന്നിത്തല മഹാത്മ ഹൈസ്കൂൾ, ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി.
ഭാര്യ: അനിത രമേശ് (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡെവലപ്മെന്റ് ഓഫിസറായിരുന്നു). മക്കൾ: ഡോ. രോഹിത് ചെന്നിത്തല (റേഡിയോളജിസ്റ്റ്, എസ്.യു.ടി, തിരുവനന്തപുരം), രമിത് ചെന്നിത്തല (ആദായ നികുതി ഡെപ്യൂട്ടി കമീഷണർ, മംഗളൂരു). മരുമക്കൾ: ഡോ. ശ്രീജ ഭാസി (പത്തോളജിസ്റ്റ്, എസ്.യു.ടി, തിരുവനന്തപുരം), ജുനീറ്റ ജോൺ (എൻജീനിയർ, മംഗളൂരു). ചെറുമകൻ: രോഹൻ (യു.കെ.ജി വിദ്യാർഥി, കാർമൽ സ്കൂൾ തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

