തൊഴിലാളിവർഗത്തെ വഞ്ചിച്ച് സർക്കാർ മുതലാളിത്തത്തിന്റെ ചങ്ങാതിമാരായി -ചെന്നിത്തല
text_fieldsഐ.എൻ.ടി.യു.സി ജില്ല സമ്മേളനം പുളിയന്മലയിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
കട്ടപ്പന: അധ്വാനിക്കുന്ന തൊഴിലാളി വർഗത്തെ വഞ്ചിച്ച് മുതലാളിത്തത്തിന്റെയും കോടീശ്വരന്മാരുടെയും ചങ്ങാതിമാരായി പിണറായി സർക്കാർ മാറിയെന്ന് എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി ജില്ല സമ്മേളനം പുളിയൻമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് എന്ത് നാടകം നടത്തിയാലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത്തവണ 20 സീറ്റും യു.ഡി.എഫ് നേടും. പെൻഷൻ മുടങ്ങിയതിനാൽ അടിമാലിയിൽ സമരം ചെയ്തവരെ നേരിൽ കാണുകയും സർക്കാർ പെൻഷൻ ലഭ്യമാക്കുന്നതുവരെ 1600 രൂപ വീതം ഇരുവർക്കും എല്ലാ മാസവും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനത്തിനുശേഷമായിരുന്നു സമ്മേളനം. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് രാജാ മാട്ടൂക്കാരൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ അഡ്വ. ഇ.എം.ആഗസ്തി, എ.കെ.മണി, ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ, റോയി കെ.പൗലോസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, ജ്യോതിഷ്കുമാർ മലയാലപ്പുഴ, അഡ്വ.എം.എൻ.ഗോപി, പി.ആർ അയ്യപ്പൻ, രാജു ബേബി എന്നിവർ സംസാരിച്ചു.