കെ. രാധാകൃഷ്ണനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്ത് നല്കി
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി പീഡനകേസിലെ പരാതിക്കാരിയുടെ പേര് മാധ്യമങ്ങൾക്ക് മുന്നില്‍ വെളിപ്പെടുത്തിയ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്ത് നല്കി.
ഇത്തരത്തില്‍ പേര് വെളിപ്പെടുത്തിയത് അതീവ ഗുരുതരമായ കുറ്റമാണെന്ന് ചെന്നിത്തല പറഞ്ഞു. ഐ.പി.സി 228(എ) പ്രകാരം രണ്ടുവര്‍ഷം തടവും ഒപ്പം പിഴയും ശിക്ഷിക്കാവുന്ന കുറ്റമാണ്. ഡല്‍ഹിയിലെ നിര്‍ഭയ കേസില്‍ ഇതേവരെ ഇരയുടെ പേര് ഒരു സാഹചര്യത്തിലും വെളിപ്പെടുത്തിയിട്ടില്ല. ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ആ സ്ഥിതിക്ക് രാധാകൃഷ്ണന് യുവതിയുടെ പേര് മന:പൂര്‍വം പറഞ്ഞതാണെന്ന കാര്യത്തില്‍ സംശയമില്ല.
ഉത്തരവാദപ്പെട്ട നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഇക്കാര്യം അറിയില്ലെന്ന് കരുതാനാവില്ല. പരാമര്‍ശം നടത്തിയിട്ട് ഇത്ര ദിവസമായിട്ടും പൊലീസ് നടപടി സ്വീകരിക്കാതിരുന്നത് കൃത്യവിലോപമായേ കണക്കാക്കാനാകൂ. അതുകൊണ്ട് രാധാകൃഷ്ണന്റെ പേരില്‍ നിയമപരമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
