Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ട സഹോദരങ്ങളുടെ...

ഇരട്ട സഹോദരങ്ങളുടെ വോട്ടുകളാണ്​ ഇരട്ട വോട്ടുകളെന്ന നിലയിൽ ചെന്നിത്തല പ്രചരിപ്പിക്കുന്നത്​ -​എളമരം കരീം

text_fields
bookmark_border
Elamaram Kareem
cancel

തിരുവനന്തപുരം: ഇരട്ട സഹോദരങ്ങളുടെ വോട്ടുകളാണ്​ ഇരട്ട വോട്ടുകളെന്ന നിലയിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പ്രചരിപ്പിക്കുന്നതെന്ന്​ രാജ്യസഭ എം.പി എളമരം കരീം. പയ്യന്നൂർ മണ്ഡലത്തിലെ ഒരു സഖാവാണ് തന്നെ ഇക്കാര്യം വിളിച്ചറിയിച്ചതെന്നും ഒറ്റനോട്ടത്തിൽ തന്നെ പത്തോളം ഇരട്ടകൾ പ്രതിപക്ഷ നേതാവിന്‍റെ ലിസ്റ്റ്​ പ്രകാരം ഇരട്ട വോട്ടർമാരായെന്നും കരീം ആരോപിച്ചു.

സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വോട്ടർ പട്ടികയിലെ ഫോട്ടോകൾ തമ്മിൽ ഒത്തുനോക്കിയാണ് അദ്ദേഹം ഈ മഹത്തായ കണ്ടുപിടുത്തം നടത്തിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒന്നുകിൽ അദ്ദേഹത്തിന്‍റെ ടീമിലുള്ളവർ തന്നെ ചെന്നിത്തലയെ പറ്റിച്ചു. അല്ലെങ്കിൽ ഇതൊന്നും ആരും വിശദമായി പരിശോധിക്കാൻ പോകുന്നില്ല എന്ന് അവർ തെറ്റിദ്ധരിച്ചുവെന്നും കരീം പറഞ്ഞു.

എളമരം കരീമിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

പ്രതിപക്ഷ നേതാവ് ശ്രീ രമേശ്‌ ചെന്നിത്തല അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പടച്ചുവിടുന്നതിൽ അതി വിദഗ്ധനാണ്. പറയുന്ന കള്ളങ്ങൾ ഒരു വസ്തുതയുടെയും പിന്തുണയില്ലാതെ ആവർത്തിക്കാനും അവ കയ്യോടെ പിടിക്കപ്പെടുമ്പോൾ തെറ്റേറ്റുപറയാനുള്ള ആർജവം പോലും കാണിക്കാതെ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരെയും കുറ്റപ്പെടുത്തി നിർലജ്ജം അടുത്ത ആരോപണങ്ങളിലേക്ക് നീങ്ങാനും അദ്ദേഹം മടി കാണിക്കാറില്ല. ഇത്തരത്തിൽ ഉണ്ടായില്ലാ വെടികൾ മുഴക്കുന്നതിന് മുൻപ്, താൻ ഇരിക്കുന്ന കസേരയുടെ മഹത്വത്തേക്കുറിച്ചെങ്കിലും അദ്ദേഹം ഒന്ന് ഓർക്കുന്നത് നല്ലതാവും.

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ ഇരട്ടവോട്ടുകൾ ഉള്ള ആൾക്കാരെ കണ്ടെത്തുകയെന്ന വ്യാജേനെ സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും താറടിക്കാനുള്ള വൃഥാ വ്യായാമത്തിലായിരുന്നു അദ്ദേഹം. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടർമാരെ കണ്ടെത്തിയെന്ന അവകാശവാദത്തോടെ ഇന്നലെ അദ്ദേഹം ഒരു പുതിയ വെബ്സൈറ്റ് മുഖേനെ വോട്ടർമാരുടെ പേരുകൾ പുറത്തുവിട്ടിരുന്നു. എല്ലായ്പ്പോഴത്തെയും പോലെത്തന്നെ ഈ ആരോപണവും കാറ്റുപോയ ബലൂന്നിന്റെ അവസ്ഥയിലായിരിക്കുകയാണ്. കുറെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വോട്ടർ പട്ടികയിലെ ഫോട്ടോകൾ തമ്മിൽ ഒത്തുനോക്കിയാണ് അദ്ദേഹം ഈ മഹത്തായ കണ്ടുപിടുത്തം നടത്തിയത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒന്നുകിൽ അദ്ദേഹത്തിന്റെ ടീമിലുള്ളവർ തന്നെ അദ്ദേഹത്തെ പറ്റിച്ചു. അല്ലെങ്കിൽ ഇതൊന്നും ആരും വിശദമായി പരിശോധിക്കാൻ പോകുന്നില്ല എന്ന് അവർ തെറ്റിദ്ധരിച്ചു.

കാരണം, വെബ്സൈറ്റ് വഴി പുറത്തുവിട്ട പേരുകളിൽ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണ്. പയ്യന്നൂർ മണ്ഡലത്തിലെ ഒരു സഖാവാണ് എന്നെ ഈ കാര്യം വിളിച്ചറിയിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ പരിചയത്തിലുള്ള പത്തോളം ഇരട്ടകൾ പ്രതിപക്ഷ നേതാവിന്റെ ലിസ്റ്റ് പ്രകാരം ഇരട്ട വോട്ടർമാരായിരിക്കുന്നു. അതായത് ഒന്നിലധികം വോട്ടുള്ളവർ എന്ന നിലയിൽ പേരുകൾ പുറത്തുവിട്ട് പതിനായിരക്കണക്കിന് ഇരട്ട സഹോദരങ്ങളെയാണ് പ്രതിപക്ഷ നേതാവ് പൊതു സമൂഹത്തിനുമുന്നിൽ അപമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടർമാരുടെ പേര് ചേർക്കുമ്പോൾ ഉണ്ടാകുന്ന പിശകുകളുടെയോ മറ്റ് സാങ്കേതിക പ്രശ്നങ്ങളുടെയോ ഭാഗമായി വോട്ടർ ലിസ്റ്റിൽ ഡ്യൂപ്ലിക്കെറ്റ് എൻട്രി വരികയും ഒരാൾക്ക് ഒന്നിൽ കൂടുതൽ സഥലങ്ങളിൽ വോട്ട് ഉണ്ടാവുകയും ചെയ്തു എന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ ലിസ്റ്റിലെ ബാക്കിയുള്ളവ മുഴുവൻ ഇരട്ടകളും സമാനമായ പേരുകളുള്ള വ്യത്യസ്ത വ്യക്തികളുമാണ്. ഫോട്ടോയിൽ ഉള്ള മുഖ സാദൃശ്യം മൂലം സോഫ്റ്റ്‌വെയർ അവരെ ഇരട്ട വോട്ടുള്ളവരായി തെറ്റിദ്ധരിച്ചു.

അത് ഒരു മഹാ കാര്യമായി നമ്മുടെ പ്രതിപക്ഷ നേതാവ് വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തി. ഏന്തായാലും operation twins എന്ന പേരിൽ അദ്ദേഹം പുറത്തുവിട്ട ഈ മഹാ സംഭവം പേരുപോലെതന്നെ ഇരട്ടകളെ കണ്ടെത്താനുള്ള ഒരു പ്രക്രിയയായി മാറി. കേരളത്തിൽ വോട്ടവകാശമുള്ള മുഴുവൻ ഇരട്ടകളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തിയ പ്രതിപക്ഷ നേതാവിന്റെ ഈ തമാശ ഏതായാലും നന്നായി. എത്രമാത്രം ലാഘവത്തോടെയും നിരുത്തരവാദപരമായുമാണ് പ്രതിക്ഷ നേതാവും അദ്ദേഹത്തിന്റെ കൂട്ടാളികളും സർക്കാരിനെതിരെ ആരോപണങ്ങൾ പടച്ചുവിടുന്നത് എന്നതിന് മറ്റൊരു തെളിവുകൂടി പൊതുസമൂഹത്തിന് മുന്നിൽ വന്നിരിക്കുകയാണ്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട് ഇവർ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങൾക്ക് ഒരു സോപ്പുകുമിളയുടെ ആയുസ്പോലും ഉണ്ടാകുന്നില്ലെങ്കിലും; അതെല്ലാം ഏറ്റുപിടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മാധ്യമങ്ങൾ പോലും രംഗത്തുവരുന്നു എന്നത് വളരെ ദുഃഖകരമായ ഒരു കാര്യം തന്നെയാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ഇത്തരം കലാപരിപാടികൾ തുടർന്നുകൊണ്ടേയിരിക്കട്ടെ. ജനങ്ങൾ അവരെ വിലയിരുത്തട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Chennithala is propagating the votes of twin brothers as double votes - Elamaram Kareem
Next Story