ആശയക്കുഴപ്പം: ചെന്നിത്തല ആശംസയര്‍പ്പിച്ചത് രണ്ടുതവണ
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്‍െറ ഉദ്ഘാടനചടങ്ങില്‍ സംഘാടകരുടെ ആശയക്കുഴപ്പം മൂലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശംസപ്രസംഗം നടത്തിയത് രണ്ടുതവണ. സ്വാഗതപ്രാസംഗികനെ വിളിക്കാതെ ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് സെക്രട്ടറി ഇസ്രത്ത് ആലം ആശംസപ്രസംഗത്തിന് ചെന്നിത്തലയെ ആദ്യം ക്ഷണിച്ചതാണ് ആശയക്കുഴപ്പത്തിനും പിന്നീട് പൊട്ടിച്ചിരിക്കും വഴിമാറിയത്.
ചെന്നിത്തല പ്രസംഗം തുടങ്ങി രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് സ്വാഗതം പറയേണ്ട കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. പി.കെ. രാധാകൃഷ്ണന്‍ കാര്യം അടുത്തിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ ശ്രദ്ധയില്‍പെടുത്തിയത്. ഉടന്‍ മന്ത്രി മുഖ്യമന്ത്രിയോട് കാര്യം പറഞ്ഞു. പിഴവ് ബോധ്യപ്പെട്ട മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനോട് തിരികെ കസേരയില്‍ വന്നിരിക്കണമെന്ന നിര്‍ദേശം നല്‍കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇസ്രത്ത് ആലം തന്നെ ചെന്നിത്തലയോട് പറ്റിയ അബദ്ധം പറഞ്ഞു. ഇതോടെ പാതിവഴിയില്‍ സംസാരം അവസാനിപ്പിച്ച് ചെന്നിത്തല ഇരിപ്പിടത്തിലേക്ക് മടങ്ങി. സംഘാടകരുടെ അബദ്ധം വേദിയിലിരുന്ന രാഷ്ട്രപതിയും ഗവര്‍ണറും ആസ്വദിക്കുകയും ചെയ്തു.
വൈസ് ചാന്‍സലറുടെ സ്വാഗതത്തിന് ശേഷം വീണ്ടും സംസാരിക്കാനത്തെിയ ചെന്നിത്തല ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിലെ ഉദ്ഘാടനവേദിയില്‍ രണ്ടുതവണ ആശംസ അര്‍പ്പിച്ച് സംസാരിക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് പ്രസംഗം തുടര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
