ജീവനക്കാരുടെ വിവരം ചോർത്തൽ; മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന ആരോപണം സർക്കാറിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഡി.എ അനുവദിച്ചതിന് പിന്നാലെ ജീവനക്കാർക്ക് മുഖ്യമന്ത്രി വാട്സ്ആപ്പ് സന്ദേശമയച്ചതിൽ ഡേറ്റ ചോർച്ച ആരോപിച്ച് സർവിസ് സംഘടനകൾ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് വിഷയം പ്രതിപക്ഷം ഏറ്റെടുക്കുന്നത്. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ സ്പാർക്കിൽനിന്ന് ചോർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പി.ആർ മെസേജുകൾ അയച്ചത് ഗൗരവതരമെന്നാണ് ആരോപണം.
ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഐ.ടി ആക്ട് നൽകുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്നതിനാൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ ഡേറ്റബേസുകളിൽ ജീവനക്കാർ നൽകുന്ന ഫോൺ നമ്പറുകൾ, ഉദ്യോഗസ്ഥരുടെ സമ്മതം ഇല്ലാതെ ബൾക്ക് മെസേജിങ് കാമ്പയിനുകൾക്കും പി.ആർ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരിക്കുകയാണ്.
ഇത് കടുത്ത സ്വകാര്യതാലംഘനമാണ്. സർക്കാറിന്റെ കൈവശമുള്ള വ്യക്തിഗത വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണ് എന്ന വലിയ ചോദ്യമാണ് ഇത് ഉയർത്തുന്നത്. എന്നാൽ, ഇത് സ്വകാര്യത നിയമങ്ങളുടെ ലംഘനമല്ല എന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. പണ്ട് സ്പ്രിൻക്ലർ ഡേറ്റ ചോർത്തുന്ന സമയത്ത് അന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരനും പറഞ്ഞത് ഇതുതന്നെയാണ്. തെരഞ്ഞെടുപ്പ് പ്രൊപ്പഗാൻഡക്കായി സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ അടിച്ചുമാറ്റി ഉപയോഗിച്ച സർക്കാറിനെ ന്യായീകരിക്കത്തക്ക രീതിയിൽ ചീഫ് സെക്രട്ടറി തരംതാഴരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഡി.എ അനുവദിച്ചതിന് പിന്നാലെ ‘പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ എന്നും ഒപ്പമുണ്ടെന്നു’മായിരുന്നു ഓരോ ജീവനക്കാരന്റെയും പേരെടുത്ത് അഭിസംബോധന ചെയ്തുള്ള മുഖ്യമന്ത്രിയുടെ വാട്സ്ആപ്പ് സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

