ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂർ ക്ഷേത്രം തന്ത്രി
text_fieldsചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്
ഗുരുവായൂർ: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗുരുവായൂർ ക്ഷേത്രം തന്ത്രിയാകും. ഇദ്ദേഹത്തെ ദേവസ്വം ഭരണസമിതിയിലെ പാരമ്പര്യ അംഗമായി നിയമിക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യാൻ ശനിയാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. അന്തരിച്ച തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിെൻറ പുല ചടങ്ങുകൾക്കുശേഷമാകും ദിനേശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിൽ പ്രവേശിച്ച് താന്ത്രിക ചടങ്ങുകൾ നടത്തുക.
പുഴക്കര ചേന്നാസ് ഇല്ലത്തെ മുതിർന്ന കാരണവർക്കാണ് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രിയാകാൻ അവകാശം. ക്ഷേത്രം തന്ത്രിയാകാൻ അവകാശം കാണിച്ച് ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വത്തിന് കത്ത് നൽകിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഭരണ സമിതി അംഗമാക്കാൻ ശിപാർശ ചെയ്യാൻ തീരുമാനിച്ചത്. ഗുരുവായൂർ ക്ഷേത്രം, ദേവസ്വത്തിെൻറ കീഴേടം ക്ഷേത്രങ്ങൾ എന്നിവക്ക് പുറമെ മമ്മിയൂർ, തിരുവെങ്കിടം തുടങ്ങിയ ക്ഷേത്രങ്ങളിലും ദിനേശൻ നമ്പൂതിരിപ്പാടാകും മുഖ്യതന്ത്രി.
തന്ത്രവിദ്യാപീഠത്തിലെ പഠനത്തിനുശേഷം 1978ൽ ഗുരുവായൂർ ക്ഷേത്രത്തിൽ പിതൃസഹോദരനായ ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിെൻറ കീഴിലാണ് പൂജകൾ തുടങ്ങിയത്. വിദേശരാജ്യങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പൂജകളും താന്ത്രിക ചടങ്ങുകളും നിർവഹിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ചുറ്റുവിളക്കുകളിൽ പ്രധാനമായ തന്ത്രിവിളക്ക് വർഷങ്ങളായി ദിനേശൻ നമ്പൂതിരിപ്പാടാണ് നടത്തുന്നത്. മംഗലത്തുമന ശ്രീദേവി അന്തർജനമാണ് ഭാര്യ. മക്കൾ: കൃഷ്ണൻ നമ്പൂതിരിപ്പാട്, ഉമ നമ്പൂതിരിപ്പാട്.