ഗൃഹനാഥൻ മരിച്ചതിനെ തുടർന്ന് പൂട്ടിയിട്ട വീട്ടിൽ മോഷണം
text_fieldsചെങ്ങന്നൂർ: ഒരു മാസം മുൻപ് ഗൃഹനാഥൻ മരിച്ചതിനെ തുടർന്ന് ആളില്ലാതെ പൂട്ടിയിട്ട വീട്ടിൽ മോഷണം. ഉയാറ്റുകര സർവിസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റായിരുന്ന തിരുവൻ വണ്ടൂർ കല്ലിശ്ശേരി അമ്പലത്തറ ചാർലി ഏബ്രഹാമിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ കവർച്ച നടന്നത്. വീടിന്റെ മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സംഭവസമയത്ത് വീട്ടുകാരാരും ഇവിടെയില്ലായിരുന്നു.
ജൂൺ 12നാണ് ചാർലി ഏബ്രഹാം മരണമടഞ്ഞത്. സംസ്കാരത്തിന് ശേഷം ഭാര്യ മേഴ്സി മക്കളോടൊപ്പം മാറി മാറി താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ കോയമ്പത്തൂരിലായിരുന്നു. വീടിനടുത്തു താമസിക്കുന്ന ബന്ധുക്കളാണ് ഇന്നലെ വാതിൽ പൊളിഞ്ഞു കിടക്കുന്നതായി ശ്രദ്ധിച്ചത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു.
പൊലീസ് എത്തി പരിശോധന നടത്തി. വീട്ടുപണിക്കായി അലമാരിയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപ നഷ്ടപെട്ടതായാണ് ബന്ധു പൊലീസിന് നൽകിയ വിവരം. ചാർളിയുടെ ഭാര്യ എത്തിച്ചേർന്ന ശേഷം അവരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയെങ്കിലേ മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ.

