Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂര്‍ എം.എല്‍.എ...

ചെങ്ങന്നൂര്‍ എം.എല്‍.എ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

text_fields
bookmark_border
KK-Ramachandran
cancel

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ എം.എല്‍.എ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ച 4.14ഓടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗ ബാധിതനായ അദ്ദേഹം മൂന്ന് മാസമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 31നാണ്​ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്​. മൃതദേഹം ചെന്നൈയിൽനിന്ന്​ എയർ ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഞായറാഴ്​ച എത്തിച്ചു. പിന്നീട്​ കിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തിങ്കളാഴ്​ച രാവിലെ ഒമ്പതിന്​ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന്​ വെച്ചശേഷം വിലാപയാത്രയായി എം.സി റോഡിലൂടെ ജന്മനാട്ടിൽ എത്തിക്കും. സി.പി.എം നേതാക്കള്‍ ഏറ്റുവാങ്ങി ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകുന്നേരം അഞ്ചിന്​ ആലയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മരണസമയത്ത് ഭാര്യ പൊന്നുമണി, ഏകമകന്‍ പ്രശാന്ത്​, അനുജൻ ഡോ. രാധാകൃഷ്​ണൻനായർ, സഹോദരി ഭര്‍ത്താവ് മധു, ഭാര്യ സഹോദരന്‍ സതീഷ് ബാബു എന്നിവരും സി.പി.എം നേതാക്കളും ഉണ്ടായിരുന്നു. സംസ്ഥാന തൊഴിൽമന്ത്രി ടി.പി. രാമകൃഷ്​ണൻ അപ്പോളോ ആശുപത്രിയിൽ എത്തി അ​േന്ത്യാപചാരമർപ്പിച്ചു. 

ആലാ പ്രശാന്ത് ഭവനില്‍ (ഭാസ്‌കര വിലാസം) പരേതരായ കരുണാകരന്‍ നായര്‍^-ഭാരതി ദമ്പതികളുടെ മകനാണ്​. 1952 ഡിസംബര്‍ ഒന്നിനാണ് ജനനം. ആലാ ഗവ. ഹൈസ്‌കൂൾ, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ്​, പന്തളം എൻ.എസ്​.എസ്​ കോളജ്​ എന്നിവിടങ്ങളിൽ പഠിച്ച്​ ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിയമപഠനം പൂര്‍ത്തിയാക്കി. അക്കാലത്ത്​ എസ്.എഫ്.ഐയിലൂടെ രാഷ്​ട്രീയ രംഗത്ത്​ എത്തി. ലോ കോളജ്​ യൂനിയൻ ചെയർമാനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത്​ ജയിൽവാസവും അനുഷ്​ഠിച്ചു.

14 വർഷത്തോളം സി.പി.എം ചെങ്ങന്നൂർ താലൂക്ക്​, ഏരിയ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. മികച്ച അഭിഭാഷകനായും കല-സാംസ്​കാരിക-പരിസ്ഥിതി പ്രവർത്തകനായും ശോഭിച്ചു. 2001ൽ ആണ്​ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്​. അന്ന്​ പരാജയപ്പെട്ടു. 2016ൽ രണ്ടാംതവണ മത്സരിച്ച്​ പി.സി. വിഷ്​ണുനാഥിനെ പരാജയപ്പെടുത്തി ചെങ്ങന്നൂർ മണ്ഡലം എൽ.ഡി.എഫിനൊപ്പം നിർത്തിയത്​ രാഷ്​ട്രീയത്തിനപ്പുറം നാട്ടുകാരുടെ കെ.കെ.ആർ എന്ന്​ വിളിപ്പേരുള്ള രാമചന്ദ്രൻ നായരുടെ വ്യക്തിപ്രഭാവം കൂടിയായിരുന്നു. സി.പി.എമ്മിൽ അടിയുറച്ച വി.എസ്​ പക്ഷക്കാരനായിരുന്നു. ഭാസ്‌കരന്‍ നായര്‍, രത്നമ്മ, ശോഭനകുമാരി, പരേതനായ വിജയകുമാര കാരണവര്‍ എന്നിവർ മറ്റ്​ സഹോദരങ്ങളാണ്​.

മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ പരിഷ്​കാര കമീഷൻ അധ്യക്ഷൻ വി.എസ്​. അച്യുതാനന്ദൻ, മന്ത്രി ജി. സുധാകരൻ,​ കൊടിക്കുന്നിൽ സുരേഷ്​ എം.പി, പി.സി. വിഷ്​ണുനാഥ്​ തുടങ്ങിയവർ അനുശോചിച്ചു. ദുഃഖസൂചകമായി കായംകുളത്ത്​ നടക്കുന്ന സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തി​​െൻറ തിങ്കളാഴ്​ചത്തെ പൊതുസമ്മേളനവും റാലിയും ചൊവ്വാഴ്​ചത്തേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKK RamaChandranChengannur MLA
News Summary - Chengannur MLa KK Ramachandran Passed Away - Kerala News
Next Story