കാറിൽ ഡ്രൈവിങ് സീറ്റിൽ വിഷംകഴിച്ച് ചലനമറ്റ് അച്ഛൻ, ഗുരുതരാവസ്ഥയിലായ മൂത്ത മകളും യാത്രയായി; നടുക്കംവിട്ടുമാറാതെ നാട്ടുകാർ
text_fieldsചെങ്ങന്നൂർ: ഓടുന്ന കാറിൽ മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കിയതിന്റെ നടുക്കത്തിൽ നാട്ടുകാർ. മാന്നാർ ഇരമത്തൂർ 18 ാം വാർഡിൽ പുല്ലുവള്ളിൽ ജങ്ഷനു സമീപം ശ്രീ ശിവശൈലത്തിൽ പരേതനായ ശാന്തപ്പനാചാരിയുടെയും സുന്ദരാമ്മാളിന്റെയും മകൻ ടി.എസ്. മനോജ് (44) ആണ് മക്കൾക്ക് ജ്യൂസിൽ വിഷം കലർത്തിക്കൊടുത്ത ശേഷം ജീവനൊടുക്കിയത്. വിഷബാധയേറ്റ മൂത്ത കുട്ടി ശിവനന്ദന ഇന്നലെ രാത്രി 10 മണിയോടെ മരണത്തിനു കീഴടങ്ങി. രണ്ടാമത്തെ മകൾ ശിവഗംഗ അപകടനില തരണം ചെയ്തു.
ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം. കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ആറാം ക്ലാസുകാരി ശിവനന്ദന, രണ്ടാം ക്ലാസുകാരി ശിവഗംഗ എന്നിവരെ ഉച്ചക്കുശേഷം മനോജ് കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപ പ്രദേശങ്ങളിലൂടെ കാറിൽ കറങ്ങി വിഷം കലർത്തിയ ജ്യൂസ് കുടിച്ചു. പിൻസീറ്റിലായിരുന്ന കൂട്ടി രുചി വ്യത്യാസവും ചവർപ്പും കൊണ്ട് തുപ്പിക്കളഞ്ഞെങ്കിലും അവശയായി. കുട്ടമ്പേരൂർ ഊട്ടുപറമ്പ് സ്കൂൾ ജങ്ഷനും ഇരമത്തൂർ എരവൂർ മുക്കിനും മധ്യേ എത്തിയതോടെ കാർ നിന്നുപോയി. വാഹനത്തിന്റെ ഉള്ളിൽ നിന്നും കുട്ടികളുടെ ശബ്ദം കേട്ട് സമീപവാസികൾ നോക്കുമ്പോൾ മനോജ് ചലനമറ്റ നിലയിലായിരുന്നു.
മുൻ വശത്തെ സീറ്റിൽ ഉണ്ടായിരുന്ന മൂത്ത മകൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പിന്നിലെ സീറ്റിൽ കിടക്കുകയായിരുന്ന കുട്ടി സംസാരിക്കുന്നുണ്ടായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിനെ രക്ഷിക്കാനായില്ല. ശിവനന്ദന വെന്റിലേറ്ററിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്.
കുരട്ടിക്കാട് മുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റ് പ്രസിഡന്റ്, മാന്നാർ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്ര ഉപദേശക സമിതി അംഗം, വിശ്വകർമ സർവിസ് സൊസൈറ്റി ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ മനോജ് പ്രവർത്തിച്ചുവരുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. ഭാര്യ: ജ്യോതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

