പറവൂർ കൂട്ടക്കൊല: പ്രതിക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനം
text_fieldsപറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതുവിനെ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു
പറവൂർ: ചേന്ദമംഗലം പേരേപ്പാടം കാട്ടിപറമ്പിൽ വേണു (65), ഉഷ (58), മകൾ വിനീഷ (32) എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചേന്ദമംഗലം കണിയാപറമ്പിൽ റിതു കുറ്റം സമ്മതിച്ചതായി പൊലീസ്. പറവൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കൃത്യം നടത്തുമ്പോൾ പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് റിതു വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലക്കടിച്ചതെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മൂന്നുപേർക്കും മുഖത്തും തലയിലുമാണ് പരിക്കുകൾ. വേണുവിന്റെ തലയിൽ ആറും വിനീഷയുടെ തലയിൽ നാലും ഉഷയുടെ തലയിൽ മൂന്നും മുറിവുകളുണ്ട്. ഇവക്ക് എട്ട് സെ.മീ വരെ നീളമുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ റിതുവിനെ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെ മറികടന്നാണ് പൊലീസ് ഇയാളെ കോടതിയിലെത്തിച്ചത്. ഇതിനിടെ, ചിലർ പ്രതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
പ്രതിക്ക് മാനസിക വൈകല്യമില്ലെന്ന് മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ പറഞ്ഞു. ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല. പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. ശനിയാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്നും കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ തെളിവെടുപ്പ് നടത്തുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. മൂന്നുപേരെയും കൊലപ്പെടുത്തിയശേഷം ജിതിന്റെ ബൈക്കിൽ പുറത്തുവന്ന പ്രതി സിഗരറ്റ് വാങ്ങി കത്തിച്ച് വീണ്ടും ബൈക്കിൽ കയറാൻ തുടങ്ങുമ്പോഴാണ് സ്ഥലത്തെത്തിയ പൊലീസ് പിടികൂടിയത്.ഇതിനിടെ, ആക്രമണത്തിൽ പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിനെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കുശേഷം ജിതിനെ ന്യൂറോ സർജിക്കൽ ഐ.സി.യുവിലേക്ക് മാറ്റി. നിലവിൽ വെന്റിലേറ്ററിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

