'മാനസിക പ്രശ്നമില്ല, പക തീർത്തു'; ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതി ഋതുവിന് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് കുറ്റപത്രം
text_fieldsകൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്ന സംഭവത്തിൽ കുറ്റപത്രം തയാറായി. പ്രതി ഋതു ജയന് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്നും വിനിഷയുടെ കുടുംബത്തോടുള്ള പകയാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നു.
കൊലക്ക് ശേഷം പക തീർത്തുവെന്ന് പ്രതി പറഞ്ഞതായി സാക്ഷിമൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണെങ്കിലും കൊലയിലേക്ക് നയിച്ചത് ലഹരിയല്ലെന്നാണ് കണ്ടെത്തൽ. നൂറിലധികം സാക്ഷികളും അൻപതോളം അനുബന്ധ തെളിവുകളും ഉൾപ്പെടുത്തിയാണ് ഒരു മാസംകൊണ്ട് കുറ്റപത്രം തയാറാക്കിയത്.
ജനുവരി 15നാണ് എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ അയൽവാസി ഋതു ജയന്റെ അടിയേറ്റ് മരിക്കുന്നത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ബോസ് ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിലാണ് കുടുംബത്തെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തിയത്.
ചികിത്സയിലുള്ള ജിതിനെയും കൊലപ്പെട്ട വിനിഷയെയും ലക്ഷ്യം വെച്ചാണ് പ്രതി വീട്ടിലെത്തിയത്. ജിതിൻ മരിക്കാത്തതിൽ പ്രയാസമുണ്ടെന്ന് പ്രതി തെളിവെടുപ്പ് സമയത്ത് പറഞ്ഞിരുന്നു.
സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്ദമംഗലത്തെ വീട്ടിൽ എത്തിയിരുന്നു.
മരിച്ചവരുടെ കുടുംബവും അയൽവാസികളും പലവട്ടം പ്രതി റിതു ജയനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് പൊലീസ് തയാറാവാത്തതാണ് ഈ വലിയ ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
ലഹരിക്ക് അടിപ്പെട്ട് നാട്ടുകാരെ, പ്രത്യേകിച്ച് സ്ത്രീകളെ ഭയപ്പെടുത്തിയും അപവാദങ്ങൾ പറഞ്ഞുപരത്തിയും നാട്ടിൽ വിലസുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കൊലക്കുള്ള തയാറെടുപ്പോടെയാണ് ഇയാൾ എത്തിയതെന്നും 48 മണിക്കൂറിനകം അത് നടപ്പാക്കുകയും ചെയ്തുവെന്നും പ്രദേശവാസികൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

