ചേലക്കരയിലും ബി.ജെ.പി കിറ്റ് വിതരണം: വോട്ട് ചെയ്യണമെന്ന് ആവശ്യം
text_fieldsതൃശൂർ: കാച്ചേരിക്ക് പിന്നാലെ, ചേലക്കരയിലും ബി.ജെ.പി കിറ്റ് വിതരണം ചെയ്തതായി പരാതി. കിറ്റ് ലഭിച്ചെന്ന് വയോധിക സമ്മതിക്കുന്ന വിഡിയോ പുറത്തുവന്നു. ഇന്ന് തൃശ്ശൂർ കാച്ചേരിയിൽ ബി.ജെ.പിക്കായി തയാറാക്കിയ കിറ്റ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ചേലക്കര കൊണ്ടാഴിയിലും കിറ്റ് വിതരണം നടന്നത്. ബി.ജെ.പി നേതാക്കളും പ്രവർത്തകരുമാണ് കിറ്റ് കൊണ്ടുവന്നതെന്ന് വയോധിക വിഡിയോയിൽ പറയുന്നുണ്ട്. വീട്ടിലെത്തി കിറ്റ് നൽകിയ ശേഷം വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും വയോധിക പറഞ്ഞു.
ഇന്ന് തൃശൂർ മണ്ഡലത്തിലെ കാച്ചേരിയിൽ ബി.ജെ.പി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽനിന്ന് ഭക്ഷിക്കിറ്റുകൾ പിടിച്ചെടുത്തിരുന്നു. എൽ.ഡി.എഫ് പ്രവർത്തകർ പ്രതിഷേധമായെത്തിയതോടെ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ എത്തി കിറ്റുകൾ പിടിച്ചെടുത്തു. കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയോടെയാണ് കിറ്റ് വിതരണമെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു. കിറ്റുകൾ പാക്ക് ചെയ്യുന്നതിനിടെ എൽ.ഡി.എഫ് പ്രവർത്തകർ സ്ഥലത്തെത്തി തടയുകയായിരുന്നു. കിറ്റുകൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിതരണം ചെയ്യാൻ തയാറാക്കിയതല്ലെന്നാണ് കടയുടമയുടെ വാദം.
കഴിഞ്ഞ ദിവസം മണലൂർ മണ്ഡലത്തിലെ വാടാടപ്പള്ളിയിലും ബി.ജെ.പി പ്രവർത്തകർ കിറ്റ് നൽകിയെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം തുടരുകയാണ്. തൃശൂർ കാച്ചേരിയിലുള്ള അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് ഫ്ലയിങ് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടിയത്. ബി.ജെ.പി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ ശേഖരിച്ചുവെച്ചത് കണ്ടെത്തിയത്.
വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യുന്നതിന് ബി.ജെ.പി തയാറാക്കിയതാണ് ഈ കിറ്റുകളെന്ന് സി.പി.എമ്മും സി.പി.ഐയും ആരോപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽ.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. കിറ്റുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
മൂന്നു ദിവസം മുമ്പ് ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും കിറ്റ് വിതരണം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. പണം മുടക്കി ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് അന്നും ആരോപണം ഉയർന്നു. പ്രദേശത്തെ ചില ആളുകൾ എത്തി സൂപ്പർ മാർക്കറ്റിൽനിന്ന് കിറ്റ് വാങ്ങിപ്പോവുകയായിരുന്നു. രാധാകൃഷ്ണൻ എന്ന വ്യക്തിയാണ് കിറ്റ് ഓർഡർ ചെയ്തത് എന്നാണ് സൂപ്പർ മാർക്കറ്റ് ഉടമ പറഞ്ഞിരുന്നത്. ഇയാൾ ബി.ജെ.പി നേതാവാണ് എന്നാണ് സി.പി.ഐ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

