ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീക്കൊളുത്തി കൊന്ന കേസ്; പ്രതി ഹമീദിന് തൂക്കുകയർ
text_fieldsപ്രതി ഹമീദ്
തൊടുപുഴ: ഇടുക്കി ചീനിക്കുഴിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് മക്കളെയും വീട്ടിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന്(73) വധശിക്ഷ. തൊടുപുഴ ഒന്നാം അഡീഡഷൽ സെഷൻസ് കോടതിയുടെതാണ് വിധി. ജഡ്ജി ആഷ് കെ. ബാൽ ആണ് വിധി പറഞ്ഞത്.
2022 മാർച്ചിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. സമാനതകളില്ലാത്ത കൊലപാതകമാണിതെന്നാണ് കോടതി നിരീക്ഷിച്ചത്.പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണം എന്ന് പ്രതിഭാഗം വാദിച്ചു. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ചീനിക്കുഴി സ്വദേശി അബ്ദുൽ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് കൊലപ്പെടുത്തിയത്. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം അടച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെ ഹമീദ് വീടിന് തീയിടുകയായിരുന്നു. തീ അണക്കാനുള്ള സാധ്യത മുന്നിൽ കണ്ട് വീട്ടിലെ വാട്ടർ ടാങ്കിലെ വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷൻ വിഛേദിക്കുകയും ചെയ്തിരുന്നു. ഫ്രിഡ്ജിൽ പോലും ഒരു തുള്ളി വെള്ളം അവശേഷിപ്പിച്ചില്ല.
പ്രതിയും കൊല്ലപ്പെട്ടയാളുകളും ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നത് എങ്കിലും ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വ്യക്തി വിരോധമാണ് നാല് പേരുടെ നിഷ്ഠൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം നാട് വിട്ടു പോയ പ്രതിയെ, ഫൈസലിന്റെ ജ്യേഷ്ഠസഹോദരന്‍ ഷാജി അന്വേഷിച്ച് കണ്ടെത്തി തിരികെ കൊണ്ട് വരികയും,ഇളയ മകനായ ഫൈസലിന്റെ ഒപ്പം താമസമാക്കുകയുമായിരുന്നു.
നാട് വിട്ടു പോയ സമയം രണ്ട് മക്കള്‍ക്കുമായി എഴുതി നല്കിയിരുന്ന വസ്തുക്കള്‍ തിരികെ നല്‍കണമെന്ന പ്രതിയുടെ ആവശ്യം മക്കള്‍ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ചീനീക്കുഴി ടൗണില്‍ വ്യാപാര സ്ഥാപനം നടത്തി വന്നിരുന്ന മുഹമ്മദ് ഫൈസലിനോടൊപ്പം കടയില്‍ നിന്നു സുമാര്‍ 50 മീറ്റര്‍ മാത്രം അകലെയായുള്ള വീട്ടിലാണ് പ്രതിയും താമസിച്ചിരുന്നത്. സ്വത്തുക്കള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടി പ്രതി നടത്തിയ കേസുകളില്‍ പ്രതിക്ക് അനുകൂലമായ വിധി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കോപാകുലനായ പ്രതി മുഹമ്മദ് ഫൈസലിനോടും ഭാര്യയോടും പെണ്‍മക്കളോടും സ്വത്ത് തിരികെ എഴുതി കിട്ടുന്ന കാര്യം പറഞ്ഞ് സംഭവത്തിന് മുമ്പ് വഴക്കിടുമായിരുന്നു എന്നും, ഫൈസലിനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുമെന്ന് വരെ പരസ്യമായി ഭീഷണിപ്പെടുത്തു കയും ചെയ്തിരുന്നു. ഈ കാര്യത്തിന് ഫൈസല്‍ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലേക്ക് ഇരുകൂട്ടരോടും സ്റ്റേഷനില്‍ എത്തുന്നതിന് അറിയിച്ചിതിരുന്നതിന്റെ തലേ ദിവസമാണ് പ്രതി കൃത്യം നടത്തിയത്.
പ്രതിയുടെ ഭീഷണി ഭയന്ന് ഫൈസലും ഭാര്യയും രണ്ടു പെണ്‍കുട്ടികളും രാത്രി ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. കൃത്യം നടത്തിയതിനു ശേഷം അവിടെ നിന്നും ഓടി രക്ഷപെട്ട പ്രതിയെ കരിമണ്ണൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. സമയബന്ധിതമായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതിനാല്‍ പ്രതിക്ക് ഇതുവരെ കോടതി ജാമ്യവും അനുവദിച്ചിരുന്നില്ല.
പ്രതി ജുഡീഷ്യൽ കസ്റ്റഡിയില്‍ ആയിരിക്കെത്തന്നെ കേസ്സിന്റെ വിചാരണ പൂര്‍ത്തിയാക്കിയതും സഹായകരമായി. പ്രോസിക്യൂഷനു വേണ്ടി സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എം.സുനില്‍കുമാറാണ് കോടതിയില്‍ ഹാജരായത്. 71-സാക്ഷികളെ വാദി ഭാഗത്തിന് വേണ്ടി വിസ്തരിക്കുകയും, 62-തൊണ്ടി മുതലുകളും, 94-രേഖകളും കോടതിയില്‍ തെളിവായി സ്വീകരിക്കുകയും ചെയ്തു. അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ജയ്മോന്‍, അസ്സി സബ്ബ്-ഇന്‍സ്പെക്ടര്‍ അന്നമ്മ, ജോബിന്‍ ജോസഫ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കോടതിയിലെ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത്.
സംഭവത്തിന്റെ ദൃക്സാക്ഷി ഉള്‍പ്പടെയുള്ള ആളുകളുടെ സാക്ഷി മൊഴികളും, ശാസ്ത്രീയ തെളിവുകളും, സാഹചര്യ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായിരുന്നു.സംഭവത്തിന് ശേഷം കുറ്റകൃത്യം ചെയ്ത കാര്യം പ്രതി അയാളുടെ ജ്യേഷ്ടനെയും, മറ്റൊരു ബന്ധുവിനെയും ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.പ്രതിയുടെയും ടിയാളുകളുടെയും ശബ്ദസാംപിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് തെളിവുകള്‍ ശേഖരിക്കുകയും, കൂടാതെ സംഭവം നടന്ന മുറിയിലും, പ്രതിയുടെ വസ്ത്രങ്ങളിലും ഉണ്ടായിരുന്ന പെട്രോളിന്റെ സാമിപ്യവും, സംഭവത്തിനിടെ പ്രതിയുടെ ശരീരത്തില്‍ ഉണ്ടായ പൊള്ളലും നിര്‍ണ്ണായക തെളിവുകളായി.
സംഭവത്തിനിടെ നാശനഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രതി അയാളുടെ ആധാരം ഉള്‍പ്പടെയുള്ള രേഖകളും, പണവും മുമ്പേ തന്നെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി സൂക്ഷിച്ച് വച്ച് മുന്നൊരുക്കം നടത്തിയതും പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവം നടന്ന വീടിന് അധികം അകലെയല്ലാതെ പുതുതായി ഒരു വീട് പണിത ഫൈസലും കുടുംബവും അവിടേയ്ക്ക് താമസം മാറുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരവേയാണ് പ്രതി നിഷ്ഠൂരമായ കൊലപാതകം നടത്തിയത്.
പ്രതിയുടെ ബന്ധുവായ ഒരാള്‍ വിസ്താരവേളയില്‍ കൂറ് മാറിയിരുന്നുവെങ്കിലും മറ്റെല്ലാ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായിരുന്നു. പ്രതിയ്ക്ക് വേണ്ടി അഡ്വക്കേറ്റ് സെബാസ്റ്റ്യനാണ് ഹാജരായത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസ് ആയതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കോടതിയോട് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

