തൃശൂരിൽ ക്രിസ്‌മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്.ഐ അവധിയിൽ പ്രവേശിച്ചു
text_fieldsതൃശൂർ: പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയിൽ പ്രവേശിച്ചു. നടപടി വിവാദമായതോടെയാണ് തൃശൂർ ചാവക്കാട് എസ്.ഐ വിജിത്ത് അവധിയിൽ പോയത്.
ശനിയാഴ്ച മുതൽ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. സി.പി.എം അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ചാവക്കാട് പാലയൂർ പള്ളിയിൽ കരോൾ ഗാനാലാപനം മൈക്കിൽ നടത്തുന്നതാണ് എസ്.ഐ തടഞ്ഞത്. മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ക്രിസ്മസ് തിരുക്കർമങ്ങൾക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് എസ്.ഐ പരിപാടി തടഞ്ഞത്.
മൈക്കിലൂടെ പള്ളി കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ ആരോപണം. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്നായിരുന്നു പൊലീസിന്‍റെ ഭീഷണി. ചാവക്കാട് എസ്.ഐ തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തിൽ ആദ്യമായി കരോൾ ഗാനം പള്ളിയിൽ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു.
സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു എസ്.ഐയുടെ ഇടപെടൽ. ഇവിടെ കഴിഞ്ഞ വർഷങ്ങളിലും കരോൾ മത്സരം നടന്നിരുന്നു. റോഡിൽനിന്ന് 200 മീറ്റർ ദൂരമുണ്ട്. പരിപാടി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് പൊലീസ് എത്തിയത്. മൈക്ക് കെട്ടി കരോൾ പാടിയാൽ എല്ലാം പിടിച്ചെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് ട്രസ്റ്റി അംഗങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

