അപകടം വരുത്തിയ കപ്പൽ സഞ്ചരിച്ചത് കപ്പൽചാൽ ലംഘിച്ച്
text_fieldsപൊന്നാനി: കപ്പൽചാൽ ലംഘിച്ച് തീരക്കടലിലേക്ക് കയറുന്ന കപ്പലുകളുടെ അപകടയാത്ര വരുത്തിവെക്കുന്നത് വലിയ ദുരന്തങ്ങൾ. ഞായറാഴ്ച രാത്രി ചാവക്കാട് കടലിൽ പൊന്നാനി സ്വദേശിയുടെ ബോട്ടിൽ കപ്പലിടിച്ച് രണ്ട് ജീവനുകൾ പൊലിയാനിടയായതും പാത ലംഘിച്ചുള്ള സഞ്ചാരമാണ്. കപ്പലുകളുടെ നിയന്ത്രണ രേഖ ലംഘിച്ചുള്ള സഞ്ചാരത്തിൽ തകരുന്നത് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ബോട്ടുകളും ഒപ്പം, തൊഴിലാളികളുടെ ജീവനുമാണ്.
തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ വരെ അകലെ അംഗീകൃത കപ്പല്‍ ചാലുകളിലൂടെയാണ് ഇവ സഞ്ചരിക്കേണ്ടത്. കഴിഞ്ഞ ദിവസം അപകടം നടന്നത് 17 നോട്ടിക്കൽ മൈൽ അകലെവെച്ചാണ്. കപ്പൽചാൽ ലംഘിച്ച് തീരക്കടലിലേക്ക് കയറുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. പലപ്പോഴും ഇത്തരത്തിൽ ബോട്ടുകളിലും വള്ളങ്ങളിലും ഇടിക്കുന്ന കപ്പലുകൾ നിർത്താതെ പോവുകയാണ്. എന്നാൽ, ചാവക്കാടുണ്ടായ അപകടത്തിൽ കപ്പൽ തിരിച്ചെത്തി അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തിയതായി തൊഴിലാളികൾ പറയുന്നു.
നിർത്താതെ പോകുന്ന കപ്പലുകളെ പിന്നീട് കണ്ടെത്തൽ പലപ്പോഴും പ്രയാസകരമാണ്. വിദേശ കപ്പലുകളാണെങ്കില്‍ അതിര്‍ത്തി കടന്നാല്‍ നടപടിയെടുക്കാനും കഴിയാറില്ല. വലിയ കപ്പലുകള്‍ കടന്നുപോകുന്നതിന് അനുസരിച്ച് മൂന്ന് കിലോമീറ്ററോളം അതിന്റെ ഓളങ്ങള്‍ ഉണ്ടാകും. ഇത് അറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ അധികവും ഈ പരിധി താണ്ടാറില്ല. എന്നാല്‍, ചാല്വിട്ട് കപ്പല്‍ തീരക്കടലിലേക്ക് ഇറങ്ങുമ്പോള്‍ ഓളങ്ങള്‍ കൂടുതല്‍ തീരത്തോട് അടിക്കും. ഇതിന്റെ പ്രഹരത്തില്‍ ചെറുവള്ളങ്ങള്‍ തലകുത്തനെ മറിയും. വിവരം പലതവണ കോസ്റ്റ് ഗാര്‍ഡിനെയും കോസ്റ്റൽ പൊലീസിനെയും അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടാകാറില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
തീരക്കടൽ മത്സ്യബന്ധനത്തിന് പുറമെ വലിയ ബോട്ടുകൾ ആഴക്കടൽ മത്സ്യബന്ധനവും നടത്താറുണ്ട്. ഇത്തരം ബോട്ടുകൾ അപകട സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് കടലില്‍ ഇന്ത്യയുടെ അധികാരപരിധി. ടെറിേട്ടാറിയല്‍ സീ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് പരിശോധനക്ക് കോസ്റ്റ് ഗാര്‍ഡിനും കോസ്റ്റൽ പൊലീസിനും അധികാരമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ പുറംകടലില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പട്രോളിങ്ങും നടത്തുമെന്ന് കോസ്റ്റല്‍ഗാര്‍ഡും നാവികസേനയും ഉറപ്പുനല്‍കിയിരുന്നു. എന്നാൽ, കൃത്യമായ പരിശോധനകള്‍ ഇപ്പോഴും നടക്കുന്നില്ല. നിരീക്ഷണങ്ങള്‍ ഇല്ലാതെവന്നതോടെ വിദേശകപ്പലുകള്‍ തോന്നുംപടി തീരക്കടലിലേക്ക് കയറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

