ചതുരംഗപ്പാറ വില്ലേജ് ഒാഫിസ് മാറ്റുന്നു; കള്ളന്മാരെ പേടിച്ച്
text_fieldsഇടുക്കി: മോഷ്ടാക്കളെ പേടിച്ച് വീട് മാറുന്നെന്ന് കേട്ടിരിക്കാം. എന്നാൽ, ഒരു വില്ലേജ് ഒാഫിസ് തന്നെ കള്ളന്മാരെ പേടിച്ച് മാറ്റേണ്ടി വരുകയാണിവിടെ. ഇടുക്കിയിലെ ചതുരംഗപ്പാറ വില്ലേജ് ഒാഫിസാണ് ഫയൽ മോഷണം ഭയന്ന് ഉടുമ്പൻചോലയിലേക്ക് മാറ്റുന്നത്.
2011, 2012 വർഷങ്ങളിലും 2017 ഏപ്രിൽ 11നും ചതുരംഗപ്പാറ വില്ലേജ് ഓഫിസിൽനിന്ന് ഭൂരേഖകളടക്കം മോഷണം പോയിരുന്നു. തുടർന്ന് ഇൻറലിജൻസ് വിഭാഗവും റവന്യൂ വിഭാഗവും വില്ലേജ് ഓഫിസ് മാറ്റുന്നതിന് ശിപാർശ സമർപ്പിച്ചു. കഴിഞ്ഞ ദിവസം ഉടുമ്പൻചോല താലൂക്ക് ഒാഫിസിൽ നടന്ന പരാതി പരിഹാര അദാലത്തിൽ വിഷയം ഉടുമ്പൻചോല തഹസിൽദാർ കലക്ടറുടെ ശ്രദ്ധയിൽെപടുത്തി. തുടർന്നാണ് ഓഫിസ് മാറ്റുന്നതിന് നിർദേശമുണ്ടായത്.
ജനവാസകേന്ദ്രത്തിൽനിന്ന് അകന്ന് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ മോഷ്ടാക്കൾ എത്തിയാൽ ആരും അറിയാറില്ല. 2011ൽ വില്ലേജ് ഓഫിസിൽ കടന്ന മോഷണസംഘം തണ്ടപ്പേർ രജിസ്റ്റർ കടത്തിക്കൊണ്ടുപോയി കത്തിച്ചിരുന്നു. ഇതിനുശേഷം രണ്ടുതവണകൂടി മോഷണം നടന്നു. കഴിഞ്ഞ ഏപ്രിലിൽ വില്ലേജ് ഒാഫിസിൽ കയറിയവർ കസേര തകർത്തു. ഭൂരേഖകൾ മോഷ്ടിക്കുന്നതിന് പിന്നിൽ ഭൂമാഫിയയാണെന്നാണ് സൂചന. ഒരു കാലത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നത് വില്ലേജ് ഓഫിസ് പരിസരത്താണ്.
വില്ലേജ് ഓഫിസിെൻറ മുൻഭാഗം കാട്ടാന ചവിട്ടി തകർത്തതിെൻറ അടയാളങ്ങൾ ഇപ്പോഴുമുണ്ട്. കഴിഞ്ഞ ഡിസംബർ 30ന് റവന്യൂ ഉന്നത ഉദ്യോഗസ്ഥർ ചതുരംഗപ്പാറ വില്ലേജ് ഓഫിസിലെത്തി പരിശോധന നടത്തി സുരക്ഷിതത്വക്കുറവുള്ളതായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് ജില്ല ഭരണകൂടം വിഷയത്തിൽ ഇടപെട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് വില്ലേജ് ഓഫിസ് മാറ്റുന്നതിന് തീരുമാനിച്ചത്. റവന്യൂ വകുപ്പിെൻറ രണ്ടരയേക്കർ സ്ഥലത്താണ് വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്നത്.
ഉടുമ്പൻചോലയിലേക്ക് മാറ്റുന്ന വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് റവന്യൂ വിഭാഗം പദ്ധതി തയാറാക്കി വരുകയാണ്. മേഖലയിൽ ഇൻറർനെറ്റ് സംവിധാനവും മൊബൈൽ ഫോണിന് നെറ്റ്വർക്കുമില്ലാത്തതിനാൽ വില്ലേജ് ഓഫിസുകൾ ഓൺലൈൻ ആക്കുന്ന സമയത്ത് ഇവിടെ തടസ്സമുണ്ടാകുമെന്ന പ്രശ്നവും ഓഫിസ് മാറ്റുന്നതിന് പിന്നിലുണ്ട്. മാറ്റം സാധ്യമാകുന്നതോടെ ഉടുമ്പൻചോലയിൽ ഉടുമ്പൻചോല വില്ലേജ് ഓഫിസും ചതുരംഗപ്പാറ വില്ലേജ് ഓഫിസും പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
