മഴവിൽപാലം കാഴ്ചയുടെ മാറ്റ് കുറക്കുമ്പോഴും നയനവിരുന്നൊരുക്കി ചാർപ്പ തെളിഞ്ഞു
text_fieldsഅതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലെ ചാർപ്പ വെള്ളച്ചാട്ടം
അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലെ മൺസൂൺ കാലത്തെ വിസ്മയമായ ചാർപ്പ വെള്ളച്ചാട്ടം തെളിഞ്ഞെങ്കിലും സഞ്ചാരികൾക്ക് പഴയ ചാരുതയിൽ കാണാൻ കഴിയുന്നില്ലെന്ന പരാതി തുടരുകയാണ്. അതുകൊണ്ട് തന്നെ അത് ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.
സമീപകാലത്ത് നിർമിച്ച മഴവിൽപ്പാലം കാഴ്ച തടസ്സപ്പെടുത്തുന്നതിനാലാണ് ചാർപ്പയുടെ ആകർഷകത്വം കുറഞ്ഞത്. സഞ്ചാരികൾക്ക് കുറച്ചുകൂടി നന്നായി വെള്ളച്ചാട്ടം കാണാമെന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ ലക്ഷങ്ങൾ മുടക്കി മഴവിൽപ്പാലം നിർമിച്ചത്.
എന്നാൽ കാഴ്ച തടസ്സപ്പെടുത്തുന്നെന്ന വിമർശനം ഉയർന്നതോടെ നിർമ്മാണം പാതിയിൽ ഉപേക്ഷിച്ച നിലയിലാണ്.
ആനമല പാതയിൽ അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലാണ് ചാർപ്പ വെള്ളച്ചാട്ടം. ഈ മേഖലയിലെ നാലാമത്തെ പ്രധാന ആകർഷണമാണ് ചാർപ്പ. വനാന്തരങ്ങളിൽനിന്ന് ഉദ്ഭവിച്ച് പാറക്കെട്ടുകളിലൂടെ ചാടിയിറങ്ങി ആനമല റോഡ് കടന്ന് ചാലക്കുടിപ്പുഴയിലേക്ക് പോകുന്നിടത്താണ് ചാർപ്പ. അതിന്റെ സൗന്ദര്യം പ്രത്യേക പ്രവേശന ടിക്കറ്റൊന്നും കൂടാതെ വാഹനങ്ങളിലിരുന്നുതന്നെ കാണാമെന്നതാണ് സവിശേഷത.
മൺസൂണിൽ മാത്രമേ ദൃശ്യമാകൂവെന്നതാണ് ചാർപ്പയുടെ അപൂർവത. പ്രളയകാലത്ത് ഇത് രൗദ്രപ്രവാഹമായി ഒഴുകിയതിനെത്തുടർന്ന് പാലത്തിന് തകരാർ സംഭവിച്ചിരുന്നു. അന്നത്തെ അനിയന്ത്രിതമായ വെള്ളപ്പാച്ചിലിൽ പുതുതായി പാലത്തിനടിയിലെ ഭാഗവും കാണാനാവുമെന്ന ഗുണമുണ്ടായി.
ഇത്തവണ മേയ് മാസം മുതൽ ചാർപ്പ തെളിഞ്ഞിട്ടുണ്ട്. കലങ്ങിമറിഞ്ഞ് ഒഴുകിയ ചാർപ്പ ഇപ്പോൾ തെളിഞ്ഞ് അതിമനോഹരമായാണ് ഒഴുകുന്നത്. എന്നാൽ മഴ കുറഞ്ഞാൽ ചാർപ്പയും മങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

