കുറ്റപത്രം ഒരു മണിക്കൂർ വൈകി; പ്രതികൾക്ക് ജാമ്യം
text_fieldsകൊച്ചി: ഓൺലൈനിൽ കുറ്റപത്രം നൽകാൻ ഒരു മണിക്കൂർ വൈകിയതിനെ തുടർന്ന് എം.ഡി.എം.എ കേസിലെ രണ്ട് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. വൈകിട്ട് അഞ്ച് മണിക്കകം ഓൺലൈനിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പിറ്റേ ദിവസം ഫയൽ ചെയ്തതതായി മാത്രമേ കണക്കാക്കാനാവൂവെന്ന ക്രിമിനൽ നടപടി ചട്ടം പരിഗണിച്ചാണ് ആറു മണിക്ക് കുറ്റം സമർപ്പിച്ചതിനെ തുടർന്ന് പ്രതികൾക്ക് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.
പരമാവധി ശിക്ഷ 10 വർഷത്തിൽ താഴെയാണെങ്കിൽ 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നുമുണ്ട്. പ്രതികൾ പിടിയിലായതിന്റെ 60ാം ദിവസം വൈകീട്ടാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാസർകോട് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അബ്ദുൽ റൗഫ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കാസർകോട് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെതിരെ പ്രതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
2025 ഡിസംബർ 30ന് 4.22 ഗ്രാം എം.ഡി.എം.എ.യുമായി ആധൂർ പൊലീസ് പിടികൂടിയ പ്രതികളുടെ കേസിലെ കുറ്റപത്രം ഫെബ്രുവരി 28ന് വൈകീട്ട് 6.02നാണ് പൊലീസ് ഓൺലൈൻ വഴി ഫയൽ ചെയ്തത്. പകർപ്പ് വിചാരണ കോടതിയിലെത്തിയത് മാർച്ച് രണ്ടിനാണ്. നിശ്ചിത സമയപരിധി കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു വാദം. 10 വർഷത്തെ തടവായതിനാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചാൽ മതിയെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ, കുറഞ്ഞ ശിക്ഷ 10 വർഷം തടവാണെങ്കിലാണ് ഈ ചട്ടമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

