സവര്‍ക്കറുടെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ മധ്യപ്രദേശ് സര്‍ക്കാര്‍
text_fieldsഭോപ്പാല്‍: പാഠപുസ്തകത്തില്‍ വി.ഡി. സവര്‍ക്കറെ കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ. സവര്‍ക്കറുടെ ജീവിതം വിദ്യാർഥികള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും അടിമത്തത്തിന്റെ പ്രതീകമായവരെ മഹത്വവത്ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മേര്‍ പറഞ്ഞു.
'വീര്‍ സവര്‍ക്കര്‍ പ്രമുഖ വിപ്ലവകാരികളില്‍ ഒരാളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ രാജ്യത്തിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായി. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ശരിയായ വിപ്ലവകാരികളിലേക്കെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. സ്വന്തം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ അവഗണിച്ച് വിദേശ വിപ്ലവകാരികളെ വരെ മികച്ചവരെന്ന് മുദ്രകുത്തും. ഞങ്ങള്‍ ശരിയായ നായകന്മാരുടെ പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും' -അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകാലത്തെയും മന്ത്രി വിമര്‍ശിച്ചു. 'കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് സര്‍ക്കാര്‍ ഒരു പ്രിന്‍സിപ്പാലിനെ പിരിച്ചുവിട്ടിരുന്നു. വി.ഡി. സവര്‍ക്കറിന്റെ പുസ്തകം ക്ലാസില്‍ വിതരണം ചെയ്തതിനായിരുന്നു അത്' -പര്‍മേര്‍ പറഞ്ഞു.
അതേസമയം മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നിര്‍ത്തിയുള്ള പരിഷ്‌കരണമാണിതെന്നും തൊഴിലില്ലായ്മ, വിലക്കയറ്റം പോലുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

