ആ ‘വാടാ പോടാ’ വിളിയിൽ മധ്യസ്ഥനായി പിഷു!
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ചാനൽ ചർച്ചകളിലെ ‘പോരാളി’കൾ ഒടുവിൽ സൗഹൃദത്തിന്റെ പുതിയ ചിത്രം പങ്കുവെച്ച് ‘ശത്രുത’ക്ക് വിരാമമിട്ടു. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കലക്കും നടൻ രമേശ് പിഷാരടിക്കുമൊപ്പമുള്ള ചത്രമാണ് സന്ദീപ് വാര്യർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
ബി.ജെ.പി വക്താവായിരുന്ന കാലത്ത് ചാനൽ ചർച്ചകളിൽ ജ്യോതികുമാർ ചാമക്കലയുമായി സന്ദീപ് വാര്യർ നിരന്തരം വാക്പോരുകളിൽ ഏർപ്പെട്ടിരുന്നു. ആ പഴയ ‘ഏറ്റുമുട്ടലുകളെ’ സ്മരിച്ചാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘തൽക്കാലം പിഷുവിനെ മധ്യസ്ഥനാക്കി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബി.ജെ.പി നേതാവായിരിക്കെ സന്ദീപ് വാര്യരും ജ്യോതികുമാർ ചാമക്കലയും തമ്മിൽ ചാനൽ ചർച്ചകളിൽ നടന്ന വാഗ്വാദങ്ങൾ കേരളത്തിലെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്. ചർച്ചകൾ പലപ്പോഴും വ്യക്തിപരമായ തലത്തിലേക്ക് നീങ്ങുകയുമുണ്ടായി.
സ്വകര്യ ചാനലിലെ സൂപ്പർ പ്രൈം ടൈം ചർച്ചക്കിടെയാണ് ഇരുവരും തമ്മിൽ കടുത്ത വാഗ്വാദം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ജ്യോതികുമാർ ചാമക്കല നടത്തിയ പരാമർശമാണ് തർക്കത്തിന് കാരണമായത്. മോദിയെ ‘ഫ്രോഡ്’എന്ന് ചാമക്കല വിളിച്ചതോടെ സന്ദീപ് വാര്യർ പ്രകോപിതനായി.
തർക്കം മുറുകിയതോടെ ഇരുവരും പരസ്പരം ‘വാടാ, പോടാ, നീയാരാടാ’ എന്ന് വിളിക്കുന്ന സാഹചര്യം ഉണ്ടായി. അവതാരകൻ ഏറെ പണിപ്പെട്ടാണ് ഇരുവരെയും ശാന്തരാക്കാൻ സാധിച്ചത്.
സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നതോടെ ഈ പഴയ ശത്രുത വലിയ സൗഹൃദമായി മാറി. സന്ദീപ് കോൺഗ്രസിൽ എത്തിയപ്പോൾ, ‘ഒരു നല്ല എതിരാളിയെ നഷ്ടപ്പെട്ടതിൽ വിഷമമുണ്ട്’ എന്നാണ് ജ്യോതികുമാർ ചാമക്കല തമാശയായി പ്രതികരിച്ചത്.
തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ശേഷം ആദ്യമായാണ് സന്ദീപ് വാര്യർ തിരുവനന്തപുരത്ത് എത്തുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ തൃക്കരിപ്പൂരിൽ വി.പി.പി മുസ്തഫയെ പരാജയപ്പെടുത്തിയാണ് സന്ദീപ് വാര്യർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാത്രി വൈകി തിരുവനന്തപുരത്ത് എത്തിയ സന്ദീപിന് സഹപ്രവർത്തകർ വൻസ്വീകരണമാണ് നൽകിയത്.
കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തിൽനിന്ന് കെ.ബി. ഗണേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് ജ്യോതികുമാർ ചാമക്കാല നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 8,310 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയക്കൊടി പാറിപ്പിച്ചത്.
2001 മുതൽ തുടർച്ചയായി അഞ്ച് തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ച കെ.ബി. ഗണേഷ് കുമാറിന്റെ പരാജയം ഈ തെരഞ്ഞെടുപ്പിലെ വലിയ അട്ടിമറികളിലൊന്നാണ്. 2021ലെ തിരഞ്ഞെടുപ്പിൽ ജ്യോതികുമാർ ചാമക്കാല ഗണേഷ് കുമാറിനോട് ഏകദേശം 14,336 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

