മുസ്‍ലിം ലീഗിലെ അഞ്ച് സ്ഥാനാർഥികളിൽ മാറ്റം, സ്ട്രാറ്റജി മേക്കർ മണ്ഡലം മാറി മത്സരിച്ചേക്കും; വനിത സ്ഥാനാർഥി സുഹ്റ മമ്പാടായിരിക്കും
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ സ്ഥാനാർഥികളിൽ മാറ്റമുണ്ടാകാൻ സാധ്യത. എം.കെ. മുനീർ അടക്കം അഞ്ച് സിറ്റിങ് എം.എൽ.എമാർ മത്സരിച്ചേക്കില്ല. എം.കെ. മുനീർ (കൊടുവള്ളി), കെ.പി.എ. മജീദ് (തിരൂരങ്ങാടി), പി. ഉബൈദുല്ല (മലപ്പുറം), എൻ.എ. നെല്ലിക്കുന്ന് (കാസർകോട്), യു.എ. ലത്തീഫ് (മഞ്ചേരി) എന്നിവരാണ് ഒഴിവാകുക.
അതേസമയം, ലീഗിലെ സ്ട്രാറ്റജി മേക്കറായ പി.കെ. കുഞ്ഞാലിക്കുട്ടി മണ്ഡലം മാറി മത്സരിക്കുമെന്നാണ് വിവരം. വേങ്ങരയിൽ നിന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കാകും മാറുക.
എന്നാൽ, ടേം വ്യവസ്ഥ നടപ്പാക്കിയാൽ മാറി നിൽക്കേണ്ടി വരുന്ന പി.കെ. ബഷീറിനും എൻ. ഷംസുദ്ദീനും ഇത്തവണ ഇളവ് നൽകിയേക്കും. അങ്ങനെയെങ്കിൽ പി.കെ. ബഷീറും എൻ. ഷംസുദ്ദീനും സിറ്റിങ് മണ്ഡലങ്ങളായ ഏറനാടും മണ്ണാർക്കാടും ജനവിധി തേടും. ഏറനാടിൽ നിന്ന് പി.കെ. ബഷീറിനെ മാറ്റിയാൽ പകരം മഞ്ചേരി കൊടുത്തേക്കും.
സി.എച്ച്. മുഹമ്മദ് കോയയുടെ മകനായ എം.കെ. മുനീർ നിർബന്ധമായും മത്സരിക്കണമെന്നാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ കൊടുവള്ളിയിൽ നിന്ന് മലപ്പുറം ജില്ലയിലെ സുരക്ഷിത മണ്ഡലം നൽകാനാണ് സാധ്യത. പി.എം.എ സലാം തിരൂരങ്ങാടിയിലോ വേങ്ങരയിലോ മറ്റേതെങ്കിലും സീറ്റിലോ മഞ്ഞളാംകുഴി അലി മങ്കടയിലും ടി.വി. ഇബ്രാഹിം കൊണ്ടോട്ടിയിലും മത്സരിച്ചേക്കും. കൊണ്ടോട്ടിയിലേക്ക് പി.എം.എ. ഷമീർ, എ.കെ. മുസ്തഫ എന്നിവരുടെ പേരുകളുമുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെ കുന്ദമംഗലത്തേക്കോ കൊടുവള്ളിയിലേക്കോ പരിഗണിച്ചേക്കും. കൊടുവള്ളിയിലേക്ക് പരിഗണിക്കുന്ന മറ്റൊരു പേരാണ് റസ്സാഖ് മാസ്റ്റർ. മലപ്പുറം താനൂരിൽ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസിന്‍റെ പേര് കേൾക്കുന്നുണ്ട്. വള്ളിക്കുന്നിലെ പി. അബ്ദുൽ ഹമീദ് മാസ്റ്ററെ മഞ്ചേരിയിലേക്ക് മാറ്റിയേക്കും. ലീഗ് കഴിഞ്ഞ തവണ പരാജയപ്പെട്ട കുറ്റ്യാടി മണ്ഡലത്തിൽ പാറക്കൽ അബ്ദുല്ല തന്നെ വീണ്ടും ജനവിധി തേടിയേക്കും.
വനിത ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്റ മമ്പാടായിരിക്കും ലീഗിന്‍റെ വനിത സ്ഥാനാർഥി. സുഹ്റയെ തിരൂരങ്ങാടിയിലോ മഞ്ചേരിയിലോ മത്സരിച്ചേക്കും. ഒന്നിലധികം സീറ്റിൽ വനിത സ്ഥാനാർഥികളുണ്ടെങ്കിൽ മുസ്‍ലിം ലീഗ് ദേശീയ അസി. സെക്രട്ടറി ജയന്തി രാജനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ വനിത സ്ഥാനാർഥിയെ ലീഗ് നിർത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
2021ൽ 27 സീറ്റുകളിൽ മത്സരിച്ച ലീഗ് വിജയിച്ചത് 15 ഇടത്താണ്. മലപ്പുറം ജില്ലയിലെ 11ഉം കാസർകോട്ടെ രണ്ടും കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ഓരോ മണ്ഡലങ്ങളിലുമാണ് വിജയം കണ്ടത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പാർട്ടി മത്സരിച്ച ഒറ്റ സീറ്റിലും വിജയിച്ചില്ല. ഇത്തവണ മൂന്നു സീറ്റുവരെ അധികം ചോദിക്കാൻ നീക്കമുണ്ടെങ്കിലും ലീഗ് പിടിവാശി കാണിക്കില്ലെന്നാണ് വിവരം.
എന്നാൽ, ലീഗിന് ജയസാധ്യതയില്ലാത്ത സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ചും യു.ഡി.എഫുമായി ചർച്ചയുണ്ടാവും. ഗുരുവായൂർ, പുനലൂർ സീറ്റുകളുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

