പഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നണിമാറ്റം; സി.പി.ഐയിൽ പൊട്ടിത്തെറി
text_fieldsഅടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി എൽ.ഡി.എഫിന്റെ ഭാഗമായതോടെ സി.പി.ഐയിൽ പൊട്ടിത്തെറി. പഞ്ചായത്തിലെ സി.പി.എം അംഗങ്ങൾ തെരഞ്ഞെടുപ്പ് കമീഷനിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം സനിത സജിക്കെതിരെ നൽകിയ കേസ് ഒത്തുതീർത്തതാണ് സി.പി.ഐക്ക് നാണക്കേടായത്. മന്നാങ്കാല വാർഡിൽനിന്ന് സി.പി.ഐ അംഗമായി മത്സരിച്ച് ജയിച്ച സനിത സജി കൂറുമാറ്റം നടത്തി കഴിഞ്ഞവർഷമാണ് യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായത്.
ഈ സമയം സി.പി.എം അംഗങ്ങളായ രണ്ടുപേരും മറ്റൊരു അംഗവും ചേർന്ന് സനിത സജിക്കെതിരെ കൂറുമാറ്റ നിയമപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിനൽകി. വിസ്താരം അവസാനഘട്ടത്തിലേക്ക് നീങ്ങവെയാണ് അപ്രതീക്ഷ നീക്കത്തിലൂടെ സനിത സജി എൽ.ഡി.എഫിന്റെ ഭാഗമായി. ഇത് സി.പി.ഐക്ക് പ്രഹരമായി. പാർട്ടിയെ വഞ്ചിച്ച സനിതക്കെതിരെ കേസ് നൽകിയപ്പോൾ സി.പി.ഐ കക്ഷിചേരാതെ മാറിനിന്നതടക്കം പ്രവർത്തകരുടെയും പോഷക സംഘടനകളുടെയും ചോദ്യത്തിന് ഇപ്പോൾ മറുപടിയും ഇല്ല.
സി.പി.എം വഴി സനിത സജി എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായപ്പോൾ മുന്നണിയിലും സി.പി.ഐ ഒറ്റപ്പെട്ടു. ഇതടക്കം വിഷയങ്ങൾ ഉയർത്തിക്കാട്ടി ഒരുവിഭാഗം ജില്ല നേതൃത്വത്തെ സമീപിച്ചു. അടിമാലിയിൽ പ്രസിഡന്റ് കൂറുമാറിയത് അംഗീകരിക്കില്ലെന്ന് സി.പി.ഐ മുൻ ജില്ല സെക്രട്ടറിയും എൽ.ഡി എഫ് കൺവീനറുമായ കെ.കെ. ശിവരാമൻ പറഞ്ഞു. കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അടിമാലിയിലേത് എൽ.ഡി.എഫ് തീരുമാനം അല്ലെന്നുമാണ്.
ഇതേ നിലപാടാണ് ജില്ല സെക്രട്ടറി സലിംകുമാറും സ്വീകരിച്ചത്. എന്നാൽ, പാർട്ടിയെ അവഗണിച്ച് കേസ് ഒത്തുതീർത്തതോടെ സി.പി.ഐ കൂടുതൽ പ്രതിസന്ധിയിലായി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതി നൽകുമെന്ന് പറഞ്ഞ് തലയൂരാനും പ്രവർത്തകരെ ശാന്തരാക്കാനും സി.പി.ഐ മണ്ഡലം നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും അടിമാലിയിൽ പാർട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

