കൃഷി വകുപ്പ് ആസ്ഥാനത്ത് ലക്ഷങ്ങളുടെ തിരിമറി: വിവരം മറച്ചുവച്ചവർക്കെതിരെ ഒന്നര ലക്ഷം രൂപ പിഴ
text_fieldsതിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടക്കുന്നു എന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വിവരാവകാശ കമീഷൻ രേഖകൾ ഹാജരാക്കാത്തവർക്കെതിരെ ഒന്നര ലക്ഷംരൂപ ശിക്ഷ വിധിച്ചു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സെക്രട്ടേറിയറ്റിലെ അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമീഷണർ, സംസ്ഥാന ട്രഷറീസ് ഡയറക്ടർ എന്നിവർ ഇടപെട്ട് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി.
കൃഷി വകുപ്പിൻറെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം ആനയറയിലുള്ള സമേതിക്ക് 2018 ൽ അനുവദിച്ചു നല്കിയ 10 ലക്ഷം രൂപ കോഴിക്കോടുള്ള വനജ എന്ന സ്വകാര്യ വ്യക്തിയുടെ അകൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തതു തിരികെ വന്ന രേഖകൾ ചോദിച്ച് വിവരാവകാശ കമീഷനിലെത്തിയ രണ്ടാം അപ്പീൽ ഹരജി തീർപ്പാക്കിയാണ് കമീഷൻ ഉത്തരവായത്.
തിരുപുറം മനവേലി മിസ്പയിൽ മെർവിൻ എസ്. ജോയിയും മാതാവും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയുമായ എസ്. സുനിതയുമാണ് കമീഷനെ രണ്ടാം അപ്പീലുമായി സമീപിച്ചത്. സമേതിക്ക് 2018 സെപ്തമ്പർ 19 ന് 10 ലക്ഷം രൂപ അയച്ചത് തൊട്ടടുത്ത ദിവസം കൃഷി വകുപ്പിലേക്ക് തിരികെ വന്നു എന്നതിനുള്ള തെളിവ് രേഖ,18 മാസം കഴിഞ്ഞ് 2020 മേയ് 29 ന് വീണ്ടും കോഴിക്കോടുള്ള വനജയുടെ അകൗണ്ടിലേക്ക് പണമയക്കാൻ ഇറക്കിയ ഉത്തരവിൻറെ പകർപ്പ് തുടങ്ങിയ രേഖകളാണ് ആവശ്യപ്പെട്ടിരുന്നത്. അത്തരം രേഖകൾ ഒന്നുമില്ലെന്ന് കമ്മിഷൻറെ തെളിവെടുപ്പിൽ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി നല്കി.
ഇതു സംബന്ധിച്ച് വകുപ്പ് ആസ്ഥാനത്തെ വിവരാധികാരി, അപ്പീൽ അധികാരി, അകൗണ്ട്സ് ഓഫീസർ, വിജിലൻസ് ഓഫീസർ, കൃഷി ഡയറക്ടർ, ട്രഷറി ഓഫീസർ തുടങ്ങിയവരെ വിളിച്ചുവരുത്തി കമീഷൻ മൊഴിയെടുത്തു. വ്യക്തമായ രേഖകളുടെ അഭാവത്തിലും ചട്ടങ്ങൾ പാലിക്കാതെയും കൃഷി വകുപ്പ് ആസ്ഥാനത്ത് സാമ്പത്തിക ക്രയ വിക്രയം നടക്കുന്നുണ്ടെന്ന് കമീഷൻ കണ്ടെത്തി.
പ്രവർത്തന രഹിതമായ അക്കൗണ്ടിലേക്ക് പണമയക്കുക; അത് സ്വകാര്യ വ്യക്തിയുടെ പ്രവർത്തനത്തിലുള്ള അക്കൗണ്ടിലേക്ക് ക്രഡിറ്റാക്കുക,എന്നാൽ ആ തുക സസ്പെൻസ് അക്കൗണ്ടിലേക്ക് തിരികെ വന്നിട്ടുണ്ടാകുമെന്ന് എഴുതിവച്ച് സമാധനിക്കുക, 18 മാസത്തിനുശേഷം തെറ്റായ അതേ അക്കൗണ്ടിലേക്ക് വീണ്ടും 10 ലക്ഷം രൂപ അയക്കുക തുടങ്ങിയ ഗുരുതര വീഴ്ചകൾ തെളിവെടുപ്പിൽ വ്യക്തമായി. വർഷങ്ങളായി ഇവിടെ ട്രഷറി,ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് റിക്കൻസിലിയേഷൻ പോലും നടക്കുന്നില്ലെന്ന് അധികൃതർ സമ്മതിച്ചു.
10 ലക്ഷം രൂപ 2018 ലും 2020 ലുമായി രണ്ടു പ്രാവശ്യം ഒരേ അക്കൗണ്ടിലേക്ക് തെറ്റായി ക്രഡിറ്റ് ചെയ്തതിനും സമേതിയുടെ പ്രവർത്തന രഹിതമായ അക്കൗണ്ടിലേക്ക് പണം അയക്കാൻ നിർദേശിച്ചതിനും ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും വകുപ്പിനു കഴിഞ്ഞിട്ടില്ല. ബിംസ് സോഫ്റ്റ് വെയറിൽ കയറി ഗുണഭോക്താവിനെ മാറ്റി കൊടുക്കുക വഴി 20 ലക്ഷം രൂപ വകുപ്പിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും സമേതിക്ക് തുക ഒന്നും ഈ ഇനത്തിൽ ലഭിച്ചില്ലെന്നും സമേതി ഇതുവരെ അത് ചോദിച്ചില്ലെന്നും കമീഷൻ കണ്ടെത്തി.
ഇത്തരം തെറ്റുകൾ ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഊഹങ്ങളുടെ അടിസ്ഥാനത്തിൽ ചിലരെ കുറ്റക്കാരായി പ്രഖ്യാപിച്ച് പ്രചരിപ്പിക്കുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു എന്നും അതുവഴി യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടു എന്നമുള്ള ഹരജിക്കാരുടെ ആരോപണത്തിൽ വസ്തുതയുണ്ടെന്ന് കമ്മിഷൻ വിലയിരുത്തി.
രേഖകളുടെ അഭാവത്തിൽ തൻറെ നിരപരാധിത്വം ബോധിപ്പിക്കാൻ കഴിയാതെ സസ്പെൻഷനിലായി മാനഹാനി ഉൾപ്പെടെ ദുരിതങ്ങൾ അനുഭവിച്ച എസ്. സുനിതക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനും കമീഷൻ നിർദേശിച്ചു.50,000 രൂപ വിവരാധികാരിയും അകൗണ്ട്സ് ഓഫീസറും വിവരാവകാശ കമീഷനിൽ അടക്കണം. ജനുവരി 31 നകം ഫൈനും നഷ്ടപരിഹാരവും നല്കിയ ശേഷം വിവരാവകാശ കമീഷനിൽ രസീത് ഹാജരാക്കണമെന്നും കമീഷണർ ഡോ. എ.അബ്ദുൽ ഹക്കീം ഉത്തരവിൽ കൃഷി വകുപ്പ് ഡയറക്ടറോട് നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.