ഐ.എ.എസ് തലപ്പത്ത് മാറ്റം; കേരള ഹൗസിന്റെ റസിഡന്റ് കമീഷണറായി പുനീത് കുമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് മാറ്റം. എട്ട് ഉദ്യോഗസ്ഥർക്ക് ചുമതല മാറ്റവും അധിക ചുമതലകളും നൽകി ഉത്തരവിറങ്ങി.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ പൂർണ അധിക ചുമതല നൽകി. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായ പുനീത് കുമാറിനെ ന്യൂഡൽഹി കേരള ഹൗസിന്റെ റസിഡന്റ് കമീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറി ഗ്രേഡില്‍ റസിഡന്റ് കമീഷണറുടെ എക്‌സ് കേഡര്‍ തസ്തിക ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിച്ചാണ് പുനീത്കുമാറിനെ നിയമിച്ചത്.
തൊഴിൽ നൈപുണ്യ വികസന വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി പൂർണ അധിക ചുമതല നൽകി. സെക്രട്ടറി റാണി ജോർജ് വിരമിച്ചതിനെ തുടർന്നാണിത്. തദ്ദേശ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി. അനുപമക്ക് സ്‌പെഷൽ സെക്രട്ടറി (കോഓഡിനേഷൻ)യുടെ പൂർണ അധിക ചുമതല നൽകി.
പൊതുമരാമത്ത് സെക്രട്ടറി കെ. ബിജുവിന് നഗര വികസന പദ്ധതി 2ന്റെ സപെഷൽ ഓഫിസറെന്ന പൂർണ അധിക ചുമതല നൽകി. പഠനം കഴിഞ്ഞ് തിരികെ എത്തിയ സ്‌പെഷൽ സെക്രട്ടറി മുഹമ്മദ് വൈ. സഫിറുള്ളയെ ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫിസറായും ആ പദവിയിലുണ്ടായിരുന്ന ആര്‍. ശ്രീലക്ഷ്മിയെ കേരള ചരക്ക് സേവന നികുതി വകുപ്പിന്റെ അഡീഷനല്‍ കമീഷണറായും നിയമിച്ചു. ജി.എസ്.ടി വകുപ്പില്‍ അഡീഷനല്‍ കമീഷണറുടെ എക്‌സ് കേഡര്‍ തസ്തിക ഒരു വര്‍ഷത്തേക്ക് സൃഷ്ടിച്ചാണ് നിയമനം.
ഡോ. വീണ എന്‍. മാധവനെ സഹകരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആസൂത്രണ- സാമ്പത്തിക കാര്യ വകുപ്പിന്റെ പൂര്‍ണ അധിക ചുമതലയും ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ അധിക ചുമതലയും ഡോ. വീണ എൻ. മാധവന് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

