ദുരന്തം വിളിച്ച് വരുത്തിയത് ചെറിയ തോണിയിലെ യാത്ര
text_fieldsചങ്ങരംകുളം: ദുരന്തം വിളിച്ച് വരുത്തിയത് ചെറിയ തോണിയിലെ യാത്ര. തോണി പായലിൽ കുരുങ്ങിമറിഞ്ഞതോടെ അടിയിൽപെട്ടവർ കയത്തിലേക്ക് ആഴ്ന്നുപോയി. തോണി തലകീഴായി കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞതോടെ രക്ഷപ്പെടാനുള്ള വഴിയടഞ്ഞു. ഇത് അപകടത്തിെൻറ വ്യാപ്തി കൂട്ടി. ഇടതൂർന്ന പായലിൽ പിടിച്ചാണ് നീന്തൽവശമുള്ള ഫാത്തിമ രക്ഷപ്പെട്ടത്. കായലിലേക്ക് ഇടുങ്ങിയ വഴിയായതിനാൽ പൊന്നാനിയിൽ നിന്നെത്തിയ അഗ്നിശമനസേന അധികൃതർക്ക് അപകടസ്ഥലത്തേക്ക് വേഗത്തിലെത്താൻ സാധിച്ചില്ല. അപകടം നടന്ന കായൽ ഭാഗത്ത് മുമ്പും അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
എത്താനുള്ള പ്രയാസം ആഘാതം കൂട്ടി
ചങ്ങരംകുളം: രക്ഷാപ്രവര്‍ത്തനം വൈകിയത് അപകടത്തിെൻറ ആഴം കൂട്ടി. ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ നരണിപ്പുഴയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉള്ളിലാണ് അപകടം നടന്ന കുഴപ്പുള്ളി പ്രദേശം. പ്രദേശത്തേക്ക് ആംബുലന്‍സും പൊലീസ് വാഹനങ്ങളും പോവുമ്പോഴാണ് അപകടം നടന്നതായി നാട്ടുകാര്‍ക്ക് മനസ്സിലായത്. അപകടം നടന്ന് ഏറെനേരം കഴിഞ്ഞാണ് ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞത്. പൊന്നാനി കോള്‍മേഖലയില്‍പെട്ട കടുക്കുഴി ബണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന കായലിന് സമീപത്ത് നടന്ന അപകടത്തില്‍ പെട്ടവരെ നാട്ടുകാര്‍ കരക്കെത്തിച്ചപ്പോഴേക്കും പലരും അവശരായിരുന്നു. പെരുമ്പടപ്പ് എസ്.ഐ വിനോദ് വലിയാട്ടൂര്‍, സി.പി.ഒമാരായ മധുസൂദനന്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ചങ്ങരംകുളം, പുത്തന്‍പള്ളി ഭാഗങ്ങളില്‍നിന്ന് എത്തിയ ആംബുലന്‍സുകളിലും പൊലീസ് വാഹനങ്ങളിലുമായി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറ് കുട്ടികള്‍ മരിച്ചിരുന്നു.
ആദിദേവ് മടങ്ങി, കാരുണ്യത്തിന് കാത്തുനിൽക്കാതെ
ചങ്ങരംകുളം: വളർച്ചക്കുറവിനെ തുടർന്നുള്ള ചികിത്സക്ക് നാട്ടുകാർ ധനസമാഹരണം നടത്തുന്നതിനിടെയാണ് മാപ്പാലക്കൽ വേലായുധെൻറ സഹോദരിപുത്രൻ ആദിദേവിനെ തോണിയപകടത്തിൽ വിധി തട്ടിയെടുത്തത്. നാട്ടുകാരുടെ ഓമനയായ ആദിദേവിനായി പണം കണ്ടെത്തി ആശുപത്രിയിൽനിന്ന് ചികിത്സ പൂർത്തിയാക്കുന്നതിനിടെയാണ് സംഭവം.
ആ കാഴ്ച മറക്കാനാകാതെ സുബ്രഹ്മണ്യൻ
മലപ്പുറം: ജലോപരിതലത്തിൽനിന്ന് ഒരു വിരലിനും മുകളിൽ മാത്രമാണ് മുങ്ങിയ തോണി ഉയർന്ന് നിന്നതെന്ന് ദൃക്സാക്ഷി സുബ്രഹ്മണ്യൻ പറയുന്നു. അപകടം മുൻകൂട്ടി കണ്ട സുബ്രഹ്മണ്യൻ തോണി കരക്കടുപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അത് മുഴുമിപ്പിക്കും മുേമ്പ തോണിയെ ഉലച്ച് കാറ്റെത്തി. കരയിൽനിന്ന് 80 മീറ്റർ അകലത്തിലായിരുന്നു അപ്പോൾ തോണി. കാറ്റിൽ തോണിയിലേക്ക് വെള്ളം കയറി. ഇതോടെ കുട്ടികൾ ബാലൻസ് തെറ്റി മറിഞ്ഞതോടെ തോണി ഉലഞ്ഞ് വെള്ളംകയറി താഴ്ന്നു.
കണ്ടുനിന്ന സുബ്രഹ്മണ്യന് നീന്തലറിയില്ലായിരുന്നു. കുറച്ചകലെയുള്ള മീൻപിടിത്തക്കാരൻ ചെറിയ വഞ്ചിയിൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആ വഞ്ചിയും മറിഞ്ഞു. അൽപം കഴിഞ്ഞാണ് കൂടുതൽ പേരെത്തിയത്. അപ്പോഴേക്കും ആറുപേർ മരണത്തിെൻറ വാതിൽപടിയിലെത്തിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഫാത്തിമക്ക് എന്തിലോ പിടികിട്ടി. രക്ഷകരെത്തും വരെ അതിൽ പിടിച്ചുനിന്നു. 20 വയസ്സുള്ള ഒരു പെൺകുട്ടിയും വേലായുധനും ഒഴികെയുള്ളവരെല്ലാം കുട്ടികളായിരുന്നു. വള്ളം മറിഞ്ഞതോടെ ഇവർ പരിഭ്രാന്തിയിലായി. മിക്കവർക്കും നീന്തലും അറിഞ്ഞിരുന്നില്ല.
കൂടുതൽ ധനസഹായം ലഭ്യമാക്കും -മുഖ്യമന്ത്രി
ചങ്ങരംകുളം: നരണിപ്പുഴയിൽ തോണി മറിഞ്ഞ് മുങ്ങിമരിച്ച ആറ് കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ നൽകുമെന്നും കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും മൃതദേഹങ്ങളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയപ്പോൾ കണ്ടുനിന്നവരും ഈറനണിഞ്ഞു. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ്, മന്ത്രി എ.സി. മൊയ്തീൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇൻക്വസ്റ്റ് നടത്താൻ ആറ് എസ്.ഐമാരെ ചുമതലപ്പെടുത്തിയതായി എസ്.പി ദേബേഷ് കുമാർ ബെഹ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
