ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസിലെ അധ്യാപികമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ
text_fieldsകോട്ടയം: ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസിലെ അധ്യാപികമാരുടെ സ്ഥലംമാറ്റം ഹൈകോടതി സ്റ്റേ ചെയ്തു. അധ്യാപികമാരായ നീതു ജോസഫ് (ഇംഗ്ലീഷ്), വി.എം. രശ്മി (ബോട്ടണി), ടി.ആർ. മഞ്ജു (കോമേഴ്സ്), എ.ആർ. ലക്ഷ്മി (ഹിന്ദി), ജെസി ജോസഫ് (ഫിസിക്സ്) എന്നിവർ നൽകിയ ഹരജിയിലാണ് നടപടി. ചൊവ്വാഴ്ചയാണ് സ്റ്റേ ലഭിച്ചത്. തുടർന്ന് അധ്യാപകർ സ്കൂളിൽ ഹാജരായി.
വെള്ളിയാഴ്ച സ്റ്റേ വീണ്ടും നീട്ടി. ജൂൺ 25നാണ് അഞ്ച് അധ്യാപികമാരെ വടക്കൻ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. സ്പെഷൽ ക്ലാസ് എടുക്കുന്നില്ല, വിജയശതമാനം കുറയുന്നു, പഠിപ്പിക്കുന്നത് മനസ്സിലാകുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങളാണ് ഇവർക്കെതിരായ സ്ഥലംമാറ്റ ഉത്തരവിൽ പറഞ്ഞിരുന്നത്.
റീജനൽ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. ഉത്തരവിൽ അനുചിത പരാമർശങ്ങൾ കടന്നുകൂടിയതായും ഇവ നീക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്റ്റാഫ് മുറിയിൽ കാമറ സ്ഥാപിച്ചതടക്കം കാര്യങ്ങൾ അധ്യാപികമാർ ചോദ്യം ചെയ്തതാണ് സ്ഥലംമാറ്റത്തിലേക്കെത്തിച്ചത്. കൈറ്റ് ക്ലാസിനുപയോഗിക്കുന്ന 45 ഇഞ്ച് ടി.വിയിലാണ് സ്റ്റാഫ് മുറിയിലെ കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ കാണുന്നത്. ശബ്ദവും കേൾക്കാം. സ്കൂളിലെ ആഘോഷപരിപാടികൾക്ക് വിദ്യാർഥിനികളടക്കം വസ്ത്രം മാറുന്നതും സ്റ്റാഫ് മുറിയിലാണ്. അധ്യാപകരുടെ വിശ്രമ ഇടം കൂടിയായ സ്റ്റാഫ് മുറിയിലെ ദൃശ്യങ്ങളും സംസാരങ്ങളും പ്രിൻസിപ്പലിന്റെ മുറിയിലിരുന്ന് പലരും കാണുന്നത് പതിവായിരുന്നുവെന്നും പറയുന്നു. അധ്യാപികമാർ വിവരാവകാശപ്രകാരം കാമറയുടെ വിവരങ്ങൾ തിരക്കിയപ്പോഴും മറുപടി ലഭിച്ചിരുന്നില്ല.
ഇന്റേണൽ കമ്മിറ്റി: വനിത കമീഷൻ നിർദേശം നടപ്പായില്ല
കോട്ടയം: ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസിലെ സ്റ്റാഫ് മുറിയിൽ കാമറ വെച്ചതുമായി ബന്ധപ്പെട്ട് അധ്യാപികമാർ നൽകിയ പരാതിയിൽ പോഷ് ആക്ട് പ്രകാരം ഇന്റേണൽ കമ്മിറ്റി രൂപവത്കരിക്കാനുള്ള വനിത കമീഷൻ നിർദേശം നടപ്പായില്ല. ജൂൺ എട്ടിന് ഇറക്കിയ കത്തിലാണ് ഇന്റേണൽ കമ്മിറ്റി രൂപവത്കരിക്കാനും അധ്യാപികമാരുടെ വിഷയം ചർച്ച ചെയ്ത് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും വനിത കമീഷൻ ആവശ്യപ്പെട്ടത്.
കമ്മിറ്റി അധ്യക്ഷ ആയിരുന്ന മുതിർന്ന അധ്യാപിക വിരമിച്ചതിനാൽ, സ്ഥലംമാറ്റം ലഭിച്ചവരിലൊരാൾക്കായിരുന്നു അടുത്ത ചുമതല. ഇവരുടെ നേതൃത്വത്തിൽ 19ന് കമ്മിറ്റി കൂടി വിഷയം ചർച്ച ചെയ്യുകയും 20ന് റിപ്പോർട്ട് തയാറാക്കി പ്രിൻസിപ്പൽ ഇൻ-ചാർജിന് നൽകുകയും ചെയ്തു. എന്നാൽ, ഈ റിപ്പോർട്ട് പ്രിൻസിപ്പൽ ഇൻ -ചാർജ് അംഗീകരിച്ചില്ലെന്നു മാത്രമല്ല, അധ്യാപികമാർ സി.സി. ടി.വി കാമറകൾ നശിപ്പിച്ചെന്നുകാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വിഷയം വനിത കമീഷനിൽ അറിയിച്ചപ്പോൾ പൊലീസിൽ പരാതി നൽകാനായിരുന്നു നിർദേശം. സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും 25ന് സ്ഥലംമാറ്റ ഉത്തരവിറങ്ങി. വനിത അധ്യാപകർ നൽകിയ പരാതിയിൽ വനിത കമീഷൻ അധ്യക്ഷ ഏപ്രിൽ 17ന് സ്കൂൾ സന്ദർശിച്ച് പ്രിൻസിപ്പൽ ഇൻ-ചാർജിൽനിന്നും അധ്യാപകരിൽനിന്നും വിവരങ്ങൾ തേടിയിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ ആർക്കും കയറിവന്ന് ദൃശ്യങ്ങൾ നിരീക്ഷിക്കാവുന്ന വിധമാണ് കാമറ സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് മാറ്റണമെന്നും കമീഷൻ അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

