കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വിമർശിച്ച് ചങ്ങനാശ്ശേരി അതിരൂപത
text_fieldsചങ്ങനാശ്ശേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ചങ്ങനാശ്ശേരി അതിരൂപതയുടെ വിമർശനം. അതിരൂപതയിലെ പള്ളികളിൽ ഞായറാഴ്ച വായിച്ച സർക്കുലറിലാണ് വിമർശനം. തൊഴില്‍, വിദ്യാഭ്യാസം, വിശ്വാസം തുടങ്ങിയ മേഖലകളിലെ തുടരെയുള്ള ന്യൂനപക്ഷാവകാശ ധ്വംസനവും വേര്‍തിരിവും ക്രൈസ്തവ സമൂഹത്തിന്റെ നിലനില്പ് ചോദ്യംചെയ്യുന്ന നിലയിലേക്ക് വളരുകയാണ്. ന്യൂനപക്ഷാവകാശങ്ങളുടെ ഭാഗമായ അധ്യാപക-അനധ്യാപകനിയമനങ്ങള്‍ വിവിധ കാരണങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നു. ക്രൈസ്തവരുടെ പാവനദിനങ്ങളെ പ്രവൃത്തിദിനങ്ങളാക്കിമാറ്റുന്നത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബഫര്‍ സോണുകളുടെയും പരിസ്ഥിതി നിയമങ്ങളുടെയും വന്യജീവി ആക്രമണത്തിന്റെയും വന നിയമ നിഷ്കര്ഷകളുടെയും വഖഫ് നിയമനടപടികളുടെയും ഭീഷണിയില്‍ അനുദിനജീവിതം ക്ലേശകരമായിരിക്കുന്നു. ജനങ്ങളെയും അവര്‍ നേരിടുന്ന ജീവിത യാഥാര്‍ഥ്യങ്ങളെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെ വിലയിരുത്തി ഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന പതിവ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുടരുകയാണെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.
ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ ഗുരുതര അലംഭാവം കാട്ടുന്നതായും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആർച്ബിഷപ് മാർ തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ദലിത് ക്രൈസ്തവ സംവരണം നടപ്പാക്കുന്നതിലും അവർക്ക് പ്രത്യേക ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിലും അനാസ്ഥ തുടരുന്നതായും കർഷകരെ അവഗണിക്കുന്നതായും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘കർഷകരക്ഷ നസ്രാണി മുന്നേറ്റം’ അവകാശ സംരക്ഷണ റാലിയോടും മഹാസമ്മേളനത്തോടുമനുബന്ധിച്ചാണ് സർക്കുലർ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

