‘ഞാനും ഒരു മനുഷ്യനാണ്, ചില സാഹചര്യങ്ങളിൽ വിഷമം വരും,’ പാർട്ടി ഒന്നും തരാതിരുന്നിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ
text_fieldsകോട്ടയം: കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എം.എൽ.എ. താനും മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. അവിടെ ജാതിയോ മതമോ ഇല്ല. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നവരടക്കം മുഴുവൻ നേതാക്കളുമായും സംസാരിക്കും. മറ്റൊരു പരിഗണനക്കും തന്റെ ജീവിതത്തിൽ പ്രാധാന്യമില്ല. പാർട്ടിയാണ് തനിക്കെല്ലാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തനിക്ക് ഒന്നും പാർട്ടി തരാതിരുന്നിട്ടില്ല. തന്നെ എം.എൽ.എ ആക്കിയത് പാർട്ടിയാണ്. തരാനുള്ളതെല്ലാം പാർട്ടി തന്നിട്ടുണ്ട്. തന്റെ പിതാവിനെ 51 കൊല്ലം എം.എൽ.എ ആക്കിയത് ഈ പാർട്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം നിഷേധിച്ചതിൽ പരസ്യവിമർശനം ഉയർത്തിയതിന് പിന്നാലെ, ചാണ്ടി ഉമ്മനെ ഹൈകമാൻഡ് നീരസം അറിയിച്ചിരുന്നതായാണ് സൂചന. പുനഃസംഘടനയിൽ അതൃപ്തി ശക്തമാക്കിയ ചാണ്ടി വെള്ളിയാഴ്ച രാവിലെ കെ.പി.സി.സിയുടെ പല വാട്സാപ്പ് ഗ്രൂപ്പുകളിൽനിന്നും പുറത്തുവന്നിരുന്നു.
വെള്ളിയാഴ്ച റാന്നിയിൽ നടന്ന കോൺഗ്രസിന്റെ വിശ്വാസസംരക്ഷണയാത്രയിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നുവെങ്കിലും ചാണ്ടി ഉമ്മൻ വിട്ടുനിന്നിരുന്നു. കോൺഗ്രസ് പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ. ശിവദാസൻനായരെ ഒഴിവാക്കിയതിലും അദ്ദേഹം വിഷമമറിയിച്ചതായാണ് സൂചന.
13 ഉപാധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെ.പി.സി.സി ജംബോ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടമാക്കിയത്. ചാണ്ടി ഉമ്മനെ ജനറൽ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പുറത്തുവിട്ട ജംബോ കമ്മിറ്റിയിൽ അവസാനവട്ടം അദ്ദേഹത്തെ തഴയുകയായിരുന്നുവെന്നും പരാതിയുണ്ട്. അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ പ്രതികരിച്ചതാണ് ചാണ്ടി ഉമ്മനെ തഴയാൻ ഇടയാക്കിയതെന്നും ആരോപണമുയർന്നിരുന്നു.
ഇതിനിടെ, യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽനിന്ന് ഒഴിവാക്കിയതിലും ചാണ്ടി ഉമ്മൻ നീരസം പ്രകടിപ്പിച്ചിരുന്നു. തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. തന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു ഇതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം.
അതേസമയം, വ്യാഴാഴ്ചത്തെ ചാണ്ടിയുടെ പ്രതികരണം കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും വലിയ ചർച്ചയായിട്ടുണ്ട്. രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള നേതാവാണ് അബിൻ. പുനഃസംഘടനയിൽ അബിനെ തഴഞ്ഞതിനെതിരെ ഐ ഗ്രൂപ്പിൽ വലിയ അതൃപ്തിയുണ്ട്. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനും വിഷയത്തിൽ വിമർശിച്ച് പ്രതികരിച്ചത്. ഹൈകമാൻഡിലെ ചിലരുടെ തീരുമാനങ്ങൾക്കെതിരെ എ, ഐ ഗ്രൂപ്പുകൾ ഐക്യപ്പെടുന്നുവെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തതിലേക്കാണ് ഇത് നയിച്ചത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വിശദീകരണവുമായി ചാണ്ടി ഉമ്മൻ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

