അഞ്ച് വർഷം ആരോഗ്യ മന്ത്രി എന്ത് ചെയ്തെന്നാണ് മന്ത്രി സജി ചെറിയാൻ ചോദിച്ചത്; വിവാദ പരാമർശത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
text_fieldsകോഴിക്കോട്: ആരോഗ് വകുപ്പിനെ വെട്ടിലാക്കുന്ന മന്ത്രി സജി ചെറിയാന്‍റെ പരാമർശത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. അഞ്ച് വർഷം ആരോഗ്യ വകുപ്പിന്‍റെ ചുമതല വഹിച്ച വീണ ജോർജ് എന്തു ചെയ്തുവെന്നാണ് മന്ത്രി സജി ചെറിയാൻ ചോദിച്ചതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരളത്തിന്‍റെ ആരോഗ്യ മേഖലയും സർക്കാർ ആശുപത്രികളെ ശസ്ത്രക്രിയകളും മറ്റ് ചികിത്സകളും ലോകോത്തരമാവാൻ മന്ത്രി വീണ ജോർജ് എന്ത് ചെയ്തുവെന്നാണ് പ്രതിപക്ഷവും ചോദിക്കുന്നത്. ലോകോത്തരമാക്കാനുള്ള ശ്രമത്തിന്‍റെ ഫലമാണ് ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന ഡോ. ഹാരിസ് ചിറക്കലിന്‍റെ വെളിപ്പെടുത്തൽ.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇടിഞ്ഞുവീണ കെട്ടിടവും ഇടിഞ്ഞുവീഴാറായ ആൺകുട്ടികളുടെ ഹോസ്റ്റലും ഉദാഹരണമാണ്. തൊടുപുഴയിലെ താലൂക്ക് ആശുപത്രി എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന നിലയിലാണ്.
ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച ഇടുക്കിയിലെ മെഡിക്കൽ കോളജ് ഫയർ ആൻഡ് സേഫ്റ്റി ക്ലിയറൻസ് വാങ്ങിക്കാതെ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന് ചുറ്റും വാഹനം പോകാൻ സാഹചര്യമില്ല. ലോകോത്തരമെന്ന പ്രചാരണം മാത്രമുള്ളൂവെന്നും മെഡിക്കൽ കോളജുകൾ തകർച്ചയുടെ വക്കിലാണെന്നും ചാണ്ടി പറഞ്ഞു.
സാധാരണക്കാരന് എല്ലാ സൗകര്യങ്ങളും കൊടുത്താൽ മാത്രമേ ലോകോത്തരമെന്ന് പറയാൻ സാധിക്കൂ. മന്ത്രി സജി ചെറിയാൻ പറയുന്ന സ്വകാര്യ മേഖലയിലെ സാങ്കേതികവിദ്യകൾ സർക്കാർ മേഖലയിലും കൊണ്ടുവരേണ്ടതാണ്. സ്വകാര്യ ആരോഗ്യമേഖല മികച്ചതും എന്നാൽ സർക്കാർ ആരോഗ്യമേഖല ലോകോത്തരമെന്ന പ്രചാരണം മാത്രമായും മാറുമ്പോൾ സർക്കാർ വാദം പൊള്ളയാണെന്ന് തെളിയുകയാണ്.
വ്യാജ പ്രചരണം നടത്തി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്‍റെ മകളുടെ ചികിത്സക്ക് 3,40,000 രൂപ ചെലവായി. എന്നിട്ടാണ് പറയുന്നത് ലോകോത്തര ചികിത്സ സൗജന്യമായി നൽകുന്നുവെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
കേരളത്തിലെ ആരോഗ്യ മേഖലയിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, ആരോഗ്യ വകുപ്പിനെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ ഇന്ന് രംഗത്തെത്തിയത്. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയുള്ള കാര്യമല്ലെന്നും സർക്കാർ ആശുപത്രിയിലെ ചികിത്സ മൂലം മരിക്കാറായ അവസ്ഥയായപ്പോൾ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് എന്നുമായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ ചികിത്സയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാരും സാധാരണക്കാരും ചികിത്സക്ക് പോകും. ഏത് ആശുപത്രിയിലാണോ നല്ല ചികിത്സ കിട്ടുന്നത് അങ്ങോട്ടുപോകും. മെഡിക്കൽ കോളജിൽ പോകുന്ന എത്ര മന്ത്രിമാരുണ്ട്? ഞാനും മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.-മന്ത്രി പറഞ്ഞു. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ട വിഷയമല്ലെന്നും ആരോഗ്യമേഖലയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിന് വീണ ജോർജിനെ ബലിയാടാക്കുകയാണെന്നും മന്ത്രി വിമർശിക്കുകയും ചെയ്തു.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
''2019ൽ ഡെങ്കി ബാധിച്ചപ്പോൾ ആദ്യം സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗവ. ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യതയുണ്ട് എന്ന സ്ഥിതി വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി. 14 ദിവസം ബോധമില്ലാതെ കിടന്ന ഞാൻ അവിടത്തെ ചികിത്സകൊണ്ട് രക്ഷപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് ജീവൻ രക്ഷിച്ചത്.
സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയുള്ള കാര്യമല്ല. സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്നോളജിയുണ്ട്. അത്രയും സർക്കാർ ആശുപത്രിയിൽ ഉണ്ടാകണമെന്നില്ല. കൂടുതൽ ആളുകൾ ചികിത്സ തേടുന്നതിനാൽ അത്രയും മികച്ച ടെക്നോളജികൾ ഉണ്ടായിരിക്കണമെന്നില്ല. അതൊക്കെയാണോ ഇവിടുത്തെ പ്രശ്നം? സാധാരണക്കാർ ചികിത്സ തേടുന്ന സർക്കാർ ആശുപത്രികളിലെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്.
ആ ഗൂഢാലോചനയിൽ വീണ ജോർജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ അവരെന്തു ചെയ്തു. അതൊന്നുംഞങ്ങൾ അംഗീകരിച്ചുകൊടുക്കില്ല. വീണജോർജിനെയും സർക്കാർ സംവിധാനങ്ങളെയും ഞങ്ങൾ സംരക്ഷിക്കും.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

