ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെ, സത്യം ജനങ്ങൾക്കറിയാം; തിരിച്ചടിച്ച് ചാണ്ടി ഉമ്മൻ
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തുവെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എം.എൽ.എ രംഗത്ത്. ഗണേഷ് കുമാർ മനഃസാക്ഷിയോട് ചോദിക്കട്ടെയെന്നും സത്യവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
സോളാർ കേസ് സമയത്ത് എങ്ങനെയാണ് ഗണേഷ് കുമാർ പ്രതികരിച്ചതെന്ന് എല്ലാവർക്കും അറിയാം. മരിച്ചുപോയ പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് കൊണ്ടു പോകാൻ താൻ ആഗ്രഹിക്കുന്നില്ല. ഗണേഷിന് തന്‍റെ പിതാവ് ചെയ്തു കൊടുത്ത കാര്യങ്ങൾ എന്തൊക്കെ എന്ന് തനിക്കും സമൂഹത്തിനും അറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ആർ. ബാലകൃഷ്ണപിള്ള ജയിലിൽ കിടന്ന സമയത്ത് ഗണേഷിന്‍റെ കുടുംബവുമായി അടുത്ത ബന്ധമാണ് തങ്ങളുടെ കുടുംബത്തിന് ഉണ്ടായിരുന്നത്. അത്തരം ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ സംഭവിച്ചതെന്നാണ് താൻ പറഞ്ഞത്. പ്രകോപനം ഉണ്ടാക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ല. എവിടെയോ സത്യവും മനഃസാക്ഷിയും അദ്ദേഹത്തോട് ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിലാണ് ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ ആരോപണം ഉന്നയിച്ചത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് ഗണേഷ് കുമാറാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ ആരോപണം.
സോളാർ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആക്കിയതിന് പിന്നിൽ ഗണേഷ് കുമാർ ആണ്. ഇന്നും ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷെ, ഗണേഷ് കുമാറിൽ നിന്ന് ഇതുപോലുള്ള നീച പ്രവൃത്തികളാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
ചാണ്ടിയുടെ ആരോപണത്തിനാണ് ഇന്ന് ഗണേഷ് കുമാർ രൂക്ഷമായി പ്രതികരിച്ചത്. തന്റെ വിവാഹ മോചനത്തിന് കാരണക്കാരൻ ഉമ്മൻ ചാണ്ടിയാണെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. തന്റെ കുടുംബം തകർത്തതും മക്കളെ തന്നിൽ നിന്ന് വേർപിരിച്ചതും ഉമ്മൻ ചാണ്ടിയാണെന്നായിരുന്നു ഗണേഷിന്റെ ആരോപണം.
''തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർന്നു വരും. സി.ബി.ഐക്ക് ഞാൻ കൊടുത്ത മൊഴി ആർക്കു വേണമെങ്കിലും പരിശോധിക്കാം. ഉമ്മൻ ചാണ്ടി ഇത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്ന് എന്റെ അച്ഛൻ മരിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് സി.ബി.ഐക്ക് മുന്നിൽ ഞാൻ പറഞ്ഞത്.
എന്റെ കുടുംബം തകർത്ത്, എന്റെ സർവതും പിടിച്ചുവാങ്ങി, എന്റെ മക്കളെ എന്നിൽ നിന്ന് വേർപിരിച്ചുവിടാനായി മധ്യസ്ഥം വഹിച്ച ഉമ്മൻ ചാണ്ടി ആ മര്യാദകേടിന് മറുപടി പറയണ്ടേ. പറയണ്ട പറയേണ്ട എന്ന് വിചാരിച്ചാലും വായിൽ വിരലിട്ടാൽ കടിക്കാത്ത ആരുമില്ല. എന്റെ കുടുംബം തകർത്ത് എന്റെ മക്കളെയും എന്നെയും രണ്ടുവഴിക്കാക്കി വഴിയാധാരമാക്കിയതിന് ഉമ്മൻ ചാണ്ടി മറുപടി പറയുമോ? ഉമ്മൻ ചാണ്ടിയുടെ മകൻ മറുപടി പറയുമോ?'എന്തിനാണ് എന്നെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്.
പ്രശ്നങ്ങൾ അവസാനിച്ചാൽ മന്ത്രിസഭയിൽ തിരിച്ചെടുക്കുമെന്ന് പറഞ്ഞ് പറ്റിച്ചു. ചാണ്ടി ഉമ്മൻ ഇത്രയും കാലം എവിടെ ആയിരുന്നു.ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞാൻ ഇതൊക്കെ വിളിച്ചുപറയും.-എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

