‘കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം’; സഹോദരിമാർ സ്ഥാനാർഥിയാകുന്നതിൽ ചാണ്ടി ഉമ്മൻ
text_fieldsകോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പെൺമക്കൾ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം കുറച്ചു നാളുകളായി നടക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം സഹോദരിമാർ തന്നോട് പറഞ്ഞിട്ടില്ല. ഈ വിഷയത്തിൽ പാർട്ടിയിൽ നിന്നും ആരും സംസാരിച്ചിട്ടില്ല. മത്സര രംഗത്തേക്കില്ലെന്ന് രണ്ടു പേരും പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയ തീരുമാനമുണ്ടായാൽ അക്കാര്യം സഹോദരിമാരുമായി താൻ സംസാരിക്കും.
സഹോദരിമാരും താനും തമ്മിൽ യാതൊരു പ്രശ്നങ്ങളില്ല. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ആര് സ്ഥാനാർഥിയാകണമെന്ന് പാർട്ടി തീരുമാനിക്കും. മാധ്യമങ്ങളാണ് അഭ്യൂഹങ്ങൾ ഉണ്ടാക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. വീട്ടിൽ നിന്ന് താൻ മാത്രം രാഷ്ട്രീയത്തിൽ മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. അതേ തനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ ഇറങ്ങിയാൽ താനെന്ത് ചെയ്യും. കോൺഗ്രസുകാർ എത്രയോ പേരുണ്ട്. പാർട്ടിക്ക് തീരുമാനിക്കാം, പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്.
യു.ഡി.എഫിൽ നിന്ന് പ്രതീക്ഷിക്കുന്ന സർപ്രൈസ് സെലിബ്രിറ്റി സ്ഥാനാർഥികളുടെ പട്ടികയിൽ അച്ചു ഉമ്മനും ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന വാർത്ത. അച്ചു ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. മറിയ ഉമ്മൻ ചെങ്ങന്നൂരിലോ ആറന്മുളയിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിച്ചേക്കുമെന്നും വാർത്ത വന്നു. അച്ചു ഉമ്മനേക്കാൾ മറിയ ഉമ്മനെ പരിഗണിക്കുന്നുവെന്നാണ് വിവരം.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. മന്ത്രി വി.എൻ. വാസവനും ചാണ്ടി ഉമ്മൻ എം.എൽ.എയും തമ്മിലുള്ള പോരാട്ടമെന്ന് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വാർഡുകളും കോൺഗ്രസ് സ്വന്തമാക്കി.
പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടി അടക്കം എട്ടിൽ ഏഴ് പഞ്ചായത്തിലും വലിയ വിജയമാണ് യു.ഡി.എഫ് നേടിയത്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനും.
എം.എൽ.എ ആയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്ന നിലക്ക് സമ്പൂർണ വിജയം അദ്ദേഹത്തിന്റെ കൂടി ആവശ്യമായിരുന്നു. മന്ത്രി വി.എൻ. വാസവന്റെ സ്വദേശമായ പാമ്പാടി ഉൾപ്പെടെ പഞ്ചായത്തുകളിൽ ആധികാരികമായ വിജയമാണ് കോൺഗ്രസ് ലക്ഷ്യമിട്ടതും ഒടുവിൽ അത് സാധിച്ചെടുത്തതും.
ഏഴ് പഞ്ചായത്ത് വാർഡുകളും പഞ്ചായത്തുകളിൽ നിന്നുള്ള ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളും വിജയിച്ചു എന്ന പ്രത്യേകതയുമുണ്ട്. കൂരോപ്പട ഒഴിച്ച് ബാക്കി എല്ലാ പഞ്ചായത്തുകളും യു.ഡി.എഫിന് അനുകൂലമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ എല്ലാ കാര്യത്തിലും ചാണ്ടി ഉമ്മന്റെ കടിഞ്ഞാണുണ്ടായിരുന്നു.
ഡി.സി.സിയെ വകവെക്കാതെയാണ് എം.എൽ.എയുടെ പ്രവർത്തനമെന്ന് പാർട്ടിക്കുള്ളിൽ വിമർശനമുണ്ടായെങ്കിലും അതൊന്നും ചാണ്ടി കാര്യമാക്കിയില്ല. വീടുകൾ കയറിയുള്ള പ്രചാരണം എം.എൽ.എ തന്നെയായിരുന്നു മുന്നിൽനിന്ന് നയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

