ചന്ദ്രചൂഢിന്‍റെ ബാബരി മസ്ജിദ് വിധി: ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് പ്രഫ. മോഹൻ ഗോപാൽ
text_fieldsപ്രഫ. മോഹൻ ഗോപാൽ
കോഴിക്കോട്: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ ക്യൂറേറ്റീവ് പെറ്റീഷന് സാധ്യതയുണ്ടെന്ന് നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ പ്രഫ. മോഹൻ ഗോപാൽ. സി.എച്ച് മുഹമ്മദ് കോയ ദ്വിദിന ദേശീയ സെമിനാറിൽ അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രഫ. മോഹൻ ഗോപാൽ.
സുപ്രീംകോടതിയുടെ അന്തിമ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ഇന്ത്യയിൽ ലഭ്യമായ അവസാന നിയമപരമായ മാർഗമാണ് ക്യൂറേറ്റീവ് പെറ്റീഷൻ. പുനഃപരിശോധന ഹരജി ഉൾപ്പെടെ മറ്റ് എല്ലാ വഴികളും തീർന്നതിന് ശേഷമാണ് ഇത് സമർപ്പിക്കപ്പെടുന്നതെന്നും പ്രഫ. മോഹൻ ഗോപാൽ വ്യക്തമാക്കി.
ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം എന്നായിരുന്നു ചന്ദ്രചൂഢിന്റെ പ്രസ്താവന. ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചതെന്നതിന് തെളിവുകളില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം.
‘ന്യൂസ് ലോണ്‍ഡ്രി’ വാർത്താ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് ബാബരി മസ്ജിദ് സംബന്ധിച്ച ഡി.വൈ. ചന്ദ്രചൂഢിന്‍റെ വിവാദ പരാമർശം നടത്തിയത്. ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നുവെന്നും പള്ളി നിര്‍മിച്ചത് നേരത്തെയുള്ള നിര്‍മിതി തകര്‍ത്തു കൊണ്ടാണെന്നും ചന്ദ്രചൂഢ് പറഞ്ഞു. പള്ളിയുടെ നിര്‍മാണത്തിന് മുമ്പ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നുവെന്നും അതിന് പുരാവസ്തു രേഖകള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയെക്കുറിച്ച്, വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. പള്ളി പണിയുന്നതിനു മുമ്പ് ഒരു ഘടന പൊളിച്ചുമാറ്റി എന്നതിന് പുരാവസ്തു തെളിവുകൾ ഇല്ലെന്ന സുപ്രീംകോടതിയുടെ വിധി തന്നെ അഭിമുഖകാരൻ പരാമർശിച്ചിട്ടും, പള്ളിയുടെ നിർമാണം ‘അടിസ്ഥാനപരമായ അവഹേളന പ്രവൃത്തി’യാണെന്ന് അദ്ദേഹം ഞെട്ടലുളവാക്കുന്ന തരത്തിൽ വാദിച്ചു.
ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നത് വിലക്കുന്ന ആരാധനാലയ നിയമം ഉണ്ടായിരുന്നിട്ടും ഗ്യാൻവാപി പള്ളിയുടെ സർവേക്ക് അദ്ദേഹം എന്തിനാണ് അനുമതി നൽകിയതെന്ന് ചോദിച്ചപ്പോൾ, സ്ഥലത്തിന്റെ മതപരമായ സ്വഭാവം ഒരു അടഞ്ഞ വിഷയമല്ലെന്ന് ചന്ദ്രചൂഢ് പറഞ്ഞു.
‘യുഗങ്ങളായി ഹിന്ദുക്കൾ പള്ളിയുടെ നിലവറയിൽ ആരാധന നടത്തിയിരുന്നുവെന്ന്’ അദ്ദേഹം അവകാശപ്പെട്ടു. മുസ്‍ലിംപക്ഷം നിരന്തരം ഈ അവകാശവാദത്തെ എതിർക്കുന്നുണ്ടെങ്കിലും അതിൽ ഒരു ‘തർക്കത്തിനും ഇടയില്ല’ എന്നാണ് പ്രശ്നത്തെ ശ്രീനിവാസന്‍ വിജയനുമായുള്ള അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

